സർക്കാർ ചടങ്ങുകൾ മതനിരപേക്ഷമാകണം: മുഖ്യമന്ത്രി

Wednesday 03 July 2024 1:16 AM IST

തിരുവനന്തപുരം: സർക്കാർ ചടങ്ങുകൾ നടത്തുമ്പോൾ മതനിരപേക്ഷമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 2023ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പറയാനുള്ള കാര്യങ്ങൾ അക്കാഡമിയുടെ ആളുകളോട് പറഞ്ഞിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ചടങ്ങുകൾ ഒരു പ്രത്യേകരീതിയിൽ സംഘടിപ്പിക്കാൻ പാടില്ല. ഭരണനിർവഹണം നടത്തുമ്പോൾ എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. ആ മനോഭാവം പൂർണമായും എല്ലാ ചടങ്ങിലും പ്രകടമാകണം. മതങ്ങളിൽ ഈശ്വരവിശ്വാസികളും അവിശ്വാസികളുമുണ്ട്. ഹിന്ദുമതത്തിൽ എല്ലാവരും ഈശ്വര പ്രതിഷ്ഠയിൽ വിശ്വസിക്കുന്നവരല്ല. ആദ്യംമുതൽ ഈശ്വരനെ നിഷേധിച്ച് ജീവിക്കുന്നവരുമുണ്ട്.

മതനിരപേക്ഷത രാഷ്ട്രീയ പരികല്പനയല്ല. മറിച്ച് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. വർഗീയതയ്‌ക്കെതിരെ ഭരണഘടനയെ ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷയായി. സിവിൽ സർവീസ് പരീക്ഷയിൽ 922ാം റാങ്ക് നേടിയ സെറിബ്രൽ പാൾസി രോഗ ബാധിതയായ കോഴിക്കോട് കീഴരിയൂർ സ്വദേശി എ.കെ.ശാരികയ്ക്ക് സ്റ്റേജിൽ നിന്നിറങ്ങി മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.

 ഉപനിഷത്ത് ശ്ലോകം ചൊല്ലി മുഖ്യമന്ത്രി

താൻ ഒൻപതാം ക്ലാസിൽ പഠിച്ച സംസ്കൃത ഉപനിഷത്തിന്റെ ഏതാനും വരികൾ മുഖ്യമന്ത്രി ചൊല്ലി. കൈയിലുള്ള പായസം കുടിക്കുന്നതിനു പകരം കൈയ്ക്ക് പുറത്തിരിക്കുന്ന ഒരു തുള്ളി പായസം നക്കികുടിച്ചാൽ കൈയിലുള്ളത് മറിഞ്ഞു പോകും എന്ന ശ്ലോകമാണ് ചൊല്ലിയത്. ഉദ്യോഗസ്ഥ മേഖലയിൽ മാറേണ്ടതായ മാറാലകൾ ഇപ്പോഴുമുണ്ട്. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല, മറിച്ച് സേവിക്കപ്പെടേണ്ടവരാണെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement