ദേശീയ പാത നിർമ്മാണം നിർത്തിച്ച് കോൺഗ്രസും ബി.ജെ.പിയും
കായംകുളം : കായംകുളത്ത് ദേശീയ പാതയുടെ പുനർനിർമ്മാണത്തിന് വേഗത പോരാ എന്ന യു.പ്രതിഭ എം.എൽ.എയുടെ വിമർശനത്തെത്തുടർന്ന് വേഗത്തിലാക്കിയ നിർമ്മാണ ജോലികൾ കോൺഗ്രസും ബി.ജെ.പിയും ഇടപെട്ട് നിർത്തിവയ്പിച്ചു. കായംകുളത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരസമിതി രൂപീകരിച്ച് അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ വേഗത പോരാ എന്ന പ്രസ്താവന ദുരുദ്ദേശപരമാണന്ന് അവർ ചൂണ്ടിക്കാട്ടി.
കായംകുളത്ത് ഉയരപ്പാത വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജനപ്രതിനിധികൾ സമയത്ത് ഇടപെടായിരുന്നതാണ് ഉയരപ്പാത നഷ്ടപ്പെടാൻ കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സമരരംഗത്തുള്ളവരെ പിത്യശൂന്യർ എന്ന് എം.എൽ.എ ആക്ഷേപിച്ചത് തിരഞ്ഞെടുപ്പിൽ പ്രചരണായുധവുമായിരുന്നു. സി.പി.എം ഏരിയാകമ്മറ്റിയയും കായംകുളം നഗരസഭയും എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നിവെിലും ജനപ്രതിനിധികൾ അലംഭാവം തുടർന്നു. ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടയിലാണ് വേഗത പോരാ എന്ന പരാമർശം വിവാദമായത്.
കഴിഞ്ഞ ദിവസം ജി.ഡി.എം ആഡിറ്റോറിയത്തിന് മുന്നിൽ അണ്ടർപാസിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബു, മുനിസിപ്പൽ കൗൺസിലർ കെ.പുഷ്പദാസ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, ജനകീയ സമരസമിതി നേതാക്കളായ പി.ഇ. ഹരിഹരൻ, അജീർ യൂനുസ് എന്നിവരുടെ നേതൃത്വത്തിൽ പണി നിർത്തിവയ്പ്പിച്ചു.
യു.ഡി.എഫിന്റെ ആരോപണം
ദേശീയപാത നിർമ്മാണത്തിൽ വേഗത പോരാ എന്ന യു.പ്രതിഭ എം.എൽ.എയുടെ
പ്രസ്താവന ദുരുദ്ദേശപരമെന്ന് യു.ഡി.എഫ് ആരോപിച്ചു.
കായംകുളത്തെ രണ്ടായി വെട്ടിമുറിച്ച് പാത നിർമ്മിക്കുവാൻ മൂകസാക്ഷിയാകേണ്ടിവന്ന എം.എൽ.എ കായംകുളത്തുകാരോട് കാട്ടിയ അനീതി മറയ്ക്കുവാൻ വീണ്ടും പ്രസ്താവനകളുമായി രംഗത്തുവന്നിരിക്കുകയാണ്.
കെ സി വേണുഗോപാൽ എം.പി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഹൈവേ നിർമ്മാണ കാര്യത്തിൽ ബന്ധപ്പെടുകയും സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് കായംകുളത്ത് ജനങ്ങളുടെ ദുരിതമകറ്റുന്നതിനുള്ള
പദ്ധതികൾ ആവിഷ്കരിക്കുവാൻ മുൻകൈയെടുത്ത് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആണെന്നും അത് വേഗതയിൽ ആക്കണമെന്നും
ആവശ്യപ്പെടുന്നത് സദുദ്ദേശപരമല്ലന്ന്
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ .ഇർഷാദും കൺവീനർ എ . എം കബീറും പറഞ്ഞു.
ജനങ്ങളോടുള്ള വെല്ലുവിളി : ബി.ജെ.പി
നിർത്തിവെച്ച നിർമമ്മാണ ജോലികൾ പുനരാരംഭിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് പറഞ്ഞു. ഹൈവേ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾക്ക് പിന്തുണ കൊടുക്കുകയും ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പണി നിർത്തിവയ്ക്കുകയും ചെയ്തിട്ടുള്ളതായിരുന്നു. കായംകുളത്തെ വികസനം തടസപ്പെടുത്തുന്ന ഒരുപദ്ധതികൾക്കും ബി.ജെ.പി കൂട്ടുനിൽക്കില്ലന്നും കൃഷ്ണകുമാർ രാംദാസ് പറഞ്ഞു.
കായംകുളത്ത് പില്ലർ എവേറ്റഡ് ഹൈവേ അല്ലാതെ മറ്റൊന്നും അനുവദിക്കില്ല. ഇത് കായംകുളം നിവാസികളുടെ ഉറച്ച തീരുമാനമാണ്
- സമരസമിതി