അധോലോകമായി കുമളിയിലെ ബൈപ്പാസ് റോഡുകൾ

Wednesday 03 July 2024 12:11 AM IST
കുമളി ​ കെ. കെ റോഡി ലേക്കുള്ള ബൈപാസ് റോഡരുയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ബൈക്കുകൾ

കുമളി: കുമളിയിലെ ബൈപാസ് റോഡുകളിൽ വ്യാപകമായ ആക്രിക്കച്ചവടവും മദ്യപരുടെ ഒത്തുചേരലും മാലിന്യക്കൂമ്പാരവും കൂടിയായപ്പോൾ നാട്ടുകാർക്ക് ദുരിതം ഇരട്ടിയായി. ഉപേക്ഷിക്കപ്പെട്ട ബൈക്കുകളും മറ്റ് വാഹനങ്ങളും അക്രമികളും ബൈപ്പാസ് റോഡരികിലുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിന്നിലൂടെയുള്ള ബൈപ്പാസിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ബൈക്കുകൾ കാണുന്നത്. ഇവ മോഷ്ടിച്ചുകൊണ്ട് വന്നതാണോയെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്. പട്ടാപ്പകലും രാത്രിയിലും മദ്യപസംഘങ്ങൾ സജീവമാണ്. എല്ലാം കൂടി ചേരുന്നതിനാൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. വീതി കുറഞ്ഞ പാതകളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണെങ്കിൽ കാൽനട യാത്രികരുടെ സ്ഥിതി ദുരിതമയമാണ്. ആക്രി സാധനങ്ങൾ ഓടയിൽ തള്ളുന്നതിനാൽ തോട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടിരിക്കുകയാണ്. കുമളി- മൂന്നാർ റോഡിൽ നിന്ന് കെ.കെ റോഡിലേക്കും സർക്കാർ ആശുപത്രിയിലേക്കുമുള്ള വഴിയാണിത്. മഴ പെയ്താൽ വെള്ളവും ചെളിയും റോഡിൽ കെട്ടിനിൽക്കും. മഴ വെള്ളം കെട്ടി നിൽക്കുന്നത് റോഡിന്റെ സംരക്ഷണ ഭിത്തിക്കും പാലത്തിനും ഭീഷണിയാണ്. വഴിയോരത്ത് ഓടയിൽ നിന്ന് ബൈക്കടമുള്ളവ നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കണെമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അട്ടപ്പള്ളം ലക്ഷം വീട് റോഡിൽ ആനക്കുഴി ഭാഗത്ത് നിന്ന് വിശ്വനാഥപുരത്തേക്കുള്ള (മുരിക്കടി) എളുപ്പവഴിയായ കോൺക്രീറ്റ് റോഡിന്റെയും പ്രധാന റോഡിന്റെയും വശങ്ങൾ മാലിന്യക്കൂമ്പാരമായി മാറി. ഇവിടെയും മദ്യ, ലഹരി സംഘങ്ങൾ സജീവമാണ്.

കഞ്ചാവ് കച്ചവടക്കാരുടെ ഇടത്താവളം

ഒറ്റപ്പെട്ട വഴികൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി സാധനങ്ങളുടെ ഉപയോഗവും സജീവമാണ്. കുമളി പൊലീസ്, എക്‌സൈസ് ഓഫീസുകൾക്ക് ഏതാനും മീറ്ററുകൾ അകലെ കുമളി സർക്കാർ സ്‌കൂളിന് സമീപമുള്ള ഇടവഴിയിൽ കാറിൽ കച്ചവടത്തിനായി എത്തിച്ച 25 കിലോയോളം കഞ്ചാവും പ്രതികളെയും പൊലീസിന്റെ സ്‌പെഷ്യൽ ടീം പിടികൂടിയത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. ആൾത്തിരക്കില്ലാത്ത ഇടവഴികളിൽ ലഹരി വ്യാപാരം നടക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

Advertisement
Advertisement