ഡി.ജി.പിയുടെ ഭൂമിയിടപാട്: 30ലക്ഷം തിരികെ നൽകും

Wednesday 03 July 2024 1:38 AM IST

തിരുവനന്തപുരം: വഞ്ചനാക്കുറ്റത്തിന് കേസെടുക്കാമെന്ന സ്ഥിതി വന്നതോടെ, ഭൂമിയിടപാടിൽ പ്രവാസിയിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തുകയായ 30ലക്ഷം തിരിച്ച് നൽകി പരാതിയൊതുക്കാൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നീക്കം തുടങ്ങി. ഡി.ജി.പിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരിൽ പേരൂർക്കട മണികണ്‌ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തു 74 ലക്ഷം രൂപയ്‌ക്ക് വിൽക്കാനായിരുന്നു ആർ. ഉമർ ഷെരീഫുമായി കരാർ.

എസ്.ബി.ഐ ആൽത്തറ ശാഖയിൽ 26 ലക്ഷത്തിന് ഭൂമി പണയപ്പെടുത്തിയത് മറച്ചുവച്ചാണ് കരാറെഴുതിയത്. കരാറിൽ ബാദ്ധ്യതയില്ലെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇത് ഡി.ജി.പിക്കും ഭാര്യയ്ക്കും എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കാൻ മതിയായ കാരണമാണെന്ന് വന്നതോടെയാണ് ഡി.ജി.പി പണം തിരികെ നൽകുന്നത്.

30ലക്ഷത്തിൽ അവസാന ഗഡുവായ 5ലക്ഷം ഡി.ജി.പി ഓഫീസിലെത്തിയാണ് ഉമർ കൈമാറിയത്. രണ്ടുലക്ഷത്തിനു മേലുള്ള ഇടപാടുകൾ അക്കൗണ്ട് വഴിയായിരിക്കണമെന്ന ആദായനികുതി വകുപ്പിന്റെ മാർഗരേഖയും പാലിക്കപ്പെട്ടില്ല. അതിനിടെ, ഭൂമി തട്ടിപ്പിനെക്കുറിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഡി.ജി.പിക്ക് ഒരുവർഷം കൂടി കാലാവധി നീട്ടിയത്. കഴിഞ്ഞമാസം 24നായിരുന്നു ഉമർ ഓൺലൈനായി പരാതിപ്പെട്ടത്.

Advertisement
Advertisement