സഭയിൽ ചട്ടങ്ങൾ പാലിക്കേണ്ടത് പ്രധാനമെന്ന് മോദി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്‌ച രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ നടത്തിയ പ്രസംഗം ലോക്‌സഭയിൽ വലിയ ബഹളത്തിന് വഴിവച്ചതിന് പിന്നാലെ, പാർലമെന്റ് ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എൻ.ഡി.എ എം.പിമാരെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മൂന്നാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എൻ.ഡി.എ എം.പിമാരെ മോദി അഭിസംബോധന ചെയ്‌തത്.
എല്ലാ എം.പിമാരും രാഷ്ട്രസേവനത്തിനായാണ് പാർലമെന്റിലെത്തിയതെന്നും അതിനാവണം മുൻഗണന നൽകേണ്ടതെന്നും മോദി പറഞ്ഞു. സഭയിൽ എങ്ങനെ പെരുമാറണമെന്നും ചൂണ്ടിക്കാട്ടി. എംപിമാരോട് അവരുടെ മണ്ഡലത്തിലെ വിഷയങ്ങൾ പ്രാധാന്യത്തോടെ സഭയിൽ ഉന്നയിക്കാനും ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു വിഷയത്തിൽ ശ്രദ്ധിച്ച് അവ സഭയിൽ നന്നായി അവതരിപ്പിക്കണം. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അന്തസിന് അനുസരിച്ച് നല്ല പെരുമാറ്റം ഉറപ്പാക്കണം. പാർലമെന്ററി പാരമ്പര്യങ്ങൾ പാലിക്കണം.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്പീക്കർക്ക് പുറംതിരിഞ്ഞു നിന്ന് സംസാരിച്ചെന്നും അപമാനിച്ചു. ഒരിക്കലും എൻ.ഡി.എ എം.പിമാർ അതു ചെയ്യരുതെന്നും മോദി പറഞ്ഞു.
രാഹുൽ ഗാന്ധിജിയുടെ പരാമർശങ്ങളൊന്നും യോഗത്തിൽ ചർച്ചയായില്ലെന്നും എംപിമാർക്കിടയിൽ ഏകോപനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചേർന്നതെന്നും യോഗത്തിന് ശേഷം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. എം.പിമാർ മൂന്നാം തവണ അധികാരത്തിലെത്തിയ മോദിയെ അഭിനന്ദിക്കുകയും പിന്തുണ ഉറപ്പ് നൽകുകയും ചെയ‌്തെന്നും റിജിജു പറഞ്ഞു.