സംവരണം 65%: റദ്ദാക്കലിന് എതിരെ ബീഹാർ സുപ്രിം കോടതിയിൽ
Wednesday 03 July 2024 1:35 AM IST
ന്യൂഡൽഹി : പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമാക്കിയത് റദ്ദു ചെയ്‌ത പാട്ന ഹൈക്കോടതി നടപടിക്കെതിരെ ബീഹാർ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
സർക്കാർ ജോലിയിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമുള്ള സംവരണമാണ് നിതീഷ് കുമാർ സർക്കാർ വർദ്ധിപ്പിച്ചിരുന്നത്. ഇതിനായി നിയമ നിർമ്മാണവും നടത്തി. എന്നാൽ, ഇക്കഴിഞ്ഞ ജൂണിൽ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും, ജസ്റ്റിസ് ഹരീഷ് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. തുല്യത തുടങ്ങിയ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നായിരുന്നു ഹൈക്കോടതി നിലപാട്. ബീഹാർ സർക്കാരിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജികളിലായിരുന്നു നടപടി.