രേവന്ത് റെ‌ഡ്ഡിയുമായി കൂടിക്കാഴ്‌ചയ്ക്കൊരുങ്ങി നായിഡു

Wednesday 03 July 2024 1:38 AM IST

ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്‌ചയ്ക്ക് താത്പര്യമറിയിച്ച് എൻ.ചന്ദ്രബാബു നായിഡു. ഇക്കാര്യം അറിയിച്ച് രേവന്ത് റെഡ്ഡിക്ക് നായിഡു കത്തെഴുതി. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തണമെന്നാണ് ആവശ്യം.

ആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്തു വർഷം ആകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച. നായിഡുവിന്റെ വിശ്വസ്തനും മുൻ ടി.ഡി.പി അംഗവുമായിരുന്നു രേവന്ത് റെഡ്ഡി. 2017 ഒക്ടോബറിലാണ് ടി.ഡി.പി വിട്ട് കോൺഗ്രസിൽ ചേർന്നത്.

വിഭജനം പൂർത്തിയായി പത്തു വർഷം പിന്നിടുമ്പോൾ വികസന, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഒരുമിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളുണ്ട്. അതിനാൽ ജൂലായ് ആറിനു കൂടിക്കാഴ്ച നടത്താമെന്നും രേവന്തിന് അയച്ച കത്തിൽ പറയുന്നു. ആന്ധ്രാ വിഭജനം പൂർത്തിയായി പത്തു വർഷം പിന്നിടുമ്പോൾ ഹൈദരാബാദ് പൊതു തലസ്ഥാനമായുള്ള നിയമവും അവസാനിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. വിഭജനം കഴിഞ്ഞ് പത്തു വർഷമായിട്ടും നല്ലൊരു തലസ്ഥാനം വാർത്തെടുക്കാൻ ആന്ധ്രയ്ക്ക് കഴിഞ്ഞിട്ടില്ല. അമരാവതിയിൽ പുതിയ തലസ്ഥാനം പണിയാനുള്ള നായിഡുവിന്റെ നീക്കങ്ങൾ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലെത്തിയപ്പോൾ വഴിമുട്ടിയിരുന്നു.

Advertisement
Advertisement