മാന്നാർ കൊല; കലയുടെ മൃതദേഹം കണ്ടുവെന്ന് ബന്ധു, സെപ്‌ടിക് ടാങ്കിനുള്ളിൽ രാസവസ്‌തുക്കൾ ഉപയോഗിച്ചിരുന്നുവെന്ന് മൊഴി

Wednesday 03 July 2024 7:50 AM IST

മാന്നാർ: 15 വർഷം മുമ്പു കാണാതായ യുവതിയെ ഭർത്താവുൾപ്പെട്ട സംഘം കൊലപ്പെടുത്തി​ സെപ്ടിക് ടാങ്കിൽ തള്ളി​യതാണെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ- ചന്ദ്രിക ദമ്പതി​കളുടെ മകൾ കലയാണ് കൊല്ലപ്പെട്ടത്. കാണാതാവുമ്പോൾ കലയ്ക്ക് 20 വയസായിരുന്നു. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്. അനിലാണ് കേസിലെ ഒന്നാംപ്രതി. അനിലിന്റെ സഹോദരീഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ.

കല കൊലപാതകക്കേസിലെ പൊലീസിന്റെ എഫ്‌ഐആർ പുറത്തുവന്നു. പ്രതികൾ നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ്‌ഐ‌ആറിലുള്ളത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടന്നതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

2009ൽ വലിയ പെരുമ്പുഴ പാലത്തിൽവച്ചാണ് കൊല നടന്നത്. ഇതിനിടെ കലയുടെ മൃതദേഹം കണ്ടതായി അനിലിന്റെ ബന്ധു പൊലീസിന് മൊഴി നൽകി. പെരുമ്പുഴ പാലത്തിന് സമീപത്തായി കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നാണ് അനിലിന്റെ ബന്ധു സുരേഷിന്റെ സാക്ഷിമൊഴി. മൃതദേഹം മറവുചെയ്യാൻ അനിൽ സഹായം ആവശ്യപ്പെട്ടു. എന്നാൽ താനിതിന് തയ്യാറായില്ലെന്ന് സുരേഷ് പറഞ്ഞു.

അതേസമയം, സെപ്‌ടിക് ടാങ്കിൽ കലയുടെ ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായി ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത സോമൻ പറഞ്ഞു. സെപ്‌ടിക് ടാങ്കിന് മുകളിലായി വീട് കെട്ടിയപ്പോൾ ബാക്കിവന്ന സിമന്റ്, ടൈൽ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ തള്ളിയിരുന്നു. സാധാരണ സെപ്‌ടിക് ടാങ്കിന് മുകളിൽ ഇങ്ങനെ ചെയ്യാറില്ല. കുഴിയിൽ കല്ലുവരെ പൊടിയാൻ ശേഷിയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നു. അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അത് പൊടിഞ്ഞുപോകുന്ന നിലയിലായിരുന്നുവെന്നും സോമൻ പറഞ്ഞു.

Advertisement
Advertisement