ബീച്ചിലെത്തിയാൽ മലയാളികൾ കൊതിയോടെ കഴിക്കുന്ന ഭക്ഷണം; ക്യാൻസറിന് കാരണമാകും, നടപടിയെടുക്കാൻ കർണാടക

Wednesday 03 July 2024 10:39 AM IST

ബംഗളൂരു: അടുത്തകാലത്തായി മലയാളികൾ ബീച്ചുകളിൽ അടക്കം ഉല്ലസിക്കാൻ എത്തുമ്പോൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് പാനിപൂരി. മുൻപ് ഉത്തരേന്ത്യയിലാണെങ്കിലും ഇപ്പോൾ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പാനിപൂരിക്ക് വലിയ പ്രചാരമാണ്. ഏത് ബീച്ചുകളിൽ പോയാലും പാനിപൂരി ഇപ്പോൾ സുലഭമാണ്.

എന്നാൽ പാനിപൂരിയിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കർണാടക സർക്കാർ. ഗോബി മഞ്ചൂരിയൻ,​ കബാബ് എന്നിവയിൽ സിന്തറ്റിക് നിറങ്ങള്‍ ചേർക്കുന്നത് നിരോധിച്ചതിന് പിന്നാലെയാണ് പനിപൂരിയ്‌ക്കെതിരെയും നടപടി സ്വീകരിക്കാൻ കർണാടക ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്.

ആരോഗ്യ വകുപ്പ് അടുത്തിടെ നടത്തിയ സ‌ർവേയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 250 ഓളം ഭക്ഷണശാലകളിൽ നിന്ന് പാനിപൂരി സാമ്പിളുകൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഇതിൽ 40 എണ്ണം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി. കൂടാതെ ബ്രില്യന്റ് ബ്ലൂ,​ ടാർട്രാസെെൻ,​ സൺസെെറ്റ് യെല്ലോ തുടങ്ങിയ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഇവയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ ചേർന്ന ഭക്ഷണം പതിവായി കഴിക്കുന്നത് അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു.

ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. തന്റെ എക്സ് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം പഞ്ഞി മിഠായി, ഗോബി മഞ്ചൂരിയൻ, കബാബ് എന്നിവയിൽ സിന്തറ്റിക് നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാനിപൂരി പരിശോധനയ്ക്ക് അയച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പനിപൂരി ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടുവെന്നും കൂടുതൽ വിശകലനം നടത്തിയ ശേഷം ആരോഗ്യവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്നും ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement