ഹത്രാസ് ദുരന്തം: അനുമതി കൊടുത്തത് 80,000 പേർക്ക്, വന്നത് ലക്ഷങ്ങൾ, ടയറിലെ പൊടി എടുക്കാൻ ശ്രമിച്ചത് കുഴപ്പമുണ്ടാക്കി

Wednesday 03 July 2024 11:30 AM IST

ഹത്രാസ്: ആത്മീയനേതാവ് യാത്രചെയ്‌ത കാർ പോയ വഴിയിലെ പൊടി ശേഖരിക്കാൻ ജനങ്ങൾ തിക്കിതിരക്കിയതാണ് ഹത്രാസിലെ വൻദുരന്തത്തിന് കാരണമായതെന്ന് നിഗമനം. 121 പേർ മരിച്ച ദുരന്തത്തിന് സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്‌‌മയും പൊലീസുകാരുടെ കുറവും ആക്കം കൂട്ടി. ആത്മീയനേതാവായ സൂരജ് പൽ എന്ന നാരായൺ സാകർ ഹരി പരിപാടിയ്ക്ക് ശേഷം പുറത്തേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ കാറിന്റെ ടയറിൽ നിന്നുള്ള പൊടി പ്രസാദമായി ശേഖരിക്കാൻ ശ്രമിക്കവെയാണ് കുട്ടികളും സ്ത്രീകളുമടക്കം തിരക്കിൽ പുറത്തേക്ക് വീണത്. ചവിട്ടേറ്റ് പലരുടെയും ശരീരം തകർന്നു. പൊലീസ് എഫ്ഐആർ പ്രകാരം 80,000 പേർ പങ്കെടുക്കുന്ന പരിപാടിയ്ക്കാണ് അനുമതി നൽകിയിരുന്നത്. എന്നാൽ രണ്ടര ലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു എന്നാണ് വിവരം.

സൂരജ് പലിന്റെ സേവാദർ എന്ന് വിളിക്കുന്ന അനുചരന്മാർ ജനങ്ങളെ അദ്ദേഹം തൊടാതിരിക്കാൻ വലിയ വടികൊണ്ട് തടഞ്ഞു. ഇതാണ് കടുത്ത തിക്കിതിരക്കിന് കാരണമായത്. ലക്ഷങ്ങൾ പങ്കെടുത്ത പരിപാടിയിൽ സുരക്ഷയൊരുക്കാൻ ആകെ 40 പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. 121 പേർ അപകടത്തിൽ മരിച്ചപ്പോൾ 28പേർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന് ശേഷം സൂരജ് പാലിനെ കാണാനില്ലെന്നാണ് വിവരം. ഇദ്ദേഹത്തെ പ്രതിചേർത്തിട്ടുമില്ല. എന്നാൽ ഇദ്ദേഹത്തിന്റെ പ്രധാന സഹായി ദേവ്പ്രകാശ് മധുകറിനെ പ്രതിപട്ടികയിൽ പെടുത്തിയിട്ടുണ്ട്.

മനപൂർവമല്ലാത്ത നരഹത്യ, മനപൂർവമായ നിയന്ത്രണങ്ങൾ എന്നിങ്ങനെ ഭാരതീയ ന്യായ സംഹിത പ്രകാരമാണ് സംഘാടക‌ർക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാൻ ഇന്ത്യാ സഖ്യത്തിലെ പ്രവർത്തകരോട് രാഹുൽ അഭ്യർത്ഥിച്ചു.

അന്വേഷണ സമിതി

സംഭവത്തിൽ എ.ഡി.ജി.പി, ആഗ്ര, അലിഗഡ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണത്തിന് സമിതി രൂപീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.

Advertisement
Advertisement