അണ്ണാമലൈ യുകെയിലേക്ക്, വമ്പൻ തോൽവിയോടെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചോ?

Wednesday 03 July 2024 12:16 PM IST

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ പ്രചരണം നടത്തിയിട്ടും തമിഴ്‌നാട്ടിൽ തകർന്നടിഞ്ഞതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ യു.കെയിലേക്ക്. ഒരു ഫെലോഷിപ്പ് പ്രോഗ്രാമിനായി മൂന്ന് മാസത്തേക്കാണ് അണ്ണാമലൈ യു.കെയിൽ പോകുന്നത്. തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് സംസ്ഥാനത്ത് ഒരു സീറ്റുപോലും വിജയിക്കാനായിരുന്നില്ല. എന്നാൽ അണ്ണാമലൈയുടെ യു.കെ യാത്രയ്‌ക്ക് ഇതുമായി ബന്ധമില്ലെന്നും നേരത്തെ നിശ്ചയിച്ചതാണെന്നുമാണ് അദ്ദേഹവുമായി അടുപ്പമുള്ളവരുടെ വാദം.

ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ഫെലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത് ദീർഘനാളായി അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും ഏറെമുൻപ് തന്നെ ഈ യാത്ര തീരുമാനിച്ചിരുന്നതാണെന്നും ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കി.

ശ്രദ്ധേയമായ നേതൃപാടവമുള്ള യുവ നേതാക്കൾക്കും മിഡ് കരിയർ പ്രൊഫഷണലുകൾക്കും വേണ്ടിയുള്ളതാണ് ഫെലോഷിപ്പ് പ്രോഗ്രാം. സെപ്‌തംബർ പകുതിയിൽ ആരംഭിച്ച് ഡിസംബർ വരെയാണ് പ്രോഗ്രാം. ഇക്കാര്യം അണ്ണാമലൈ പാർട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് താരപ്രചാരകരടക്കം തമിഴ്‌നാട്ടിൽ സജീവമായി പങ്കെടുത്തതിന് കാരണം അണ്ണാമലൈ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇത്തരത്തിൽ സംസ്ഥാനത്തെത്തി. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ മോദിയുടെ ധ്യാനമടക്കം ദേശീയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

നിരവധി മുതിർന്ന നേതാക്കൾ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയെ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന്റെ ചുമതലയേൽപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നും മത്സരിച്ച അദ്ദേഹമടക്കം എല്ലാ സ്ഥാനാർത്ഥികളും പക്ഷെ തോറ്റു. എന്നാൽ 39ൽ 12 സീറ്റുകളിൽ എഐഡിഎംകെയെ മറികടന്ന് ബിജെപി രണ്ടാമത് എത്തിയിരുന്നു. മൂന്ന് മാസത്തേക്ക് മാറിനിൽക്കുക എന്നത് അണ്ണാമലൈയുടെ സ്വന്തമായുള്ള തീരുമാനമാണെന്നും പാർട്ടി എടുത്തതല്ലെന്നും വ്യത്യസ്തനായ നേതാവായ അദ്ദേഹം തിരികെവരുമെന്നും ഒരു മുതിർന്ന നേതാവ് അറിയിച്ചു.

ബിജെപി സംസ്ഥാനത്ത് തനിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന പക്ഷക്കാരനായിരുന്ന അണ്ണാമലൈ എൻഡിഎയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഘടകകക്ഷിയായ എഐഡിഎംകെയെ പിണക്കിയതാണ് കുഴപ്പങ്ങളുണ്ടാകാൻ കാരണമായത്. മുൻ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് എതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ പാർട്ടിയ്ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കി.

Advertisement
Advertisement