പാമ്പിനെ കറി വച്ചാലോ? വീഡിയോ കാണുമ്പോൾ ചിലപ്പോൾ അരോചകമായി തോന്നാമെന്ന് ഫിറോസ് ചുട്ടിപ്പാറ

Wednesday 03 July 2024 12:35 PM IST

വ്യത്യസ്തമായ ഫുഡ് വ്‌ളോഗുകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്ത്യയ്‌‌ക്കകത്തെ മാത്രമല്ല, ആഹാര കാര്യത്തിൽ പല രാജ്യങ്ങളിലെ വൈവിദ്ധ്യങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മുമ്പ് മുതലയെ ഗ്രിൽ ചെയ്യുന്ന വീഡിയോ ഒക്കെ ഫിറോസ് സമൂഹമാദ്ധ്യങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു. അത് വൈറലാകുകയും ചെയ്‌തു.

ഇപ്പോൾ കറിവയ്ക്കാനായി പാമ്പിനെ വാങ്ങുന്ന വീഡിയോയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്. വിയറ്റ്നാമിലെ പാമ്പിന്റെ മാർക്കറ്റിലാണ് അദ്ദേഹമെത്തിയത്. പാമ്പിനെക്കൂടാതെ, എലി, കോഴി, കൊറ്റി എന്നിവയൊക്കെ കടയിലുണ്ട്. എല്ലാം കൂട്ടിനകത്താണ്. ചേരയും മൂർഖനും അടക്കമുള്ള എല്ലാത്തിനും ജീവനുണ്ട്. ഇവ ഭക്ഷിക്കുന്നത് രാജ്യത്ത് നിയമവിധേയമാണ്.


വിഷമുള്ള പാമ്പിനെ പ്രത്യേകം കവറിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് പാമ്പിനെയാണ് ഫിറോസ് വാങ്ങാനൊരുങ്ങുന്നത്. ഒരു പാമ്പിന് കിലോയ്ക്ക് രണ്ടായിരത്തി നാനൂറ് രൂപയാണ് വില. 'നമ്മുടെ വീഡിയോ കാണുമ്പോൾ ചിലപ്പോൾ അരോചകം തോന്നാം. അതിൽ കാര്യമില്ല. കാരണം ഇവരുടെ സ്ഥിരം ഭക്ഷണമാണ്. നമ്മൾ ചിക്കനും മീനുമൊക്കെ വാങ്ങി കറിവയ്ക്കും പോലെ.'- അദ്ദേഹം പറഞ്ഞു.


മൂന്ന് ദിവസം മുമ്പാണ് ഫിറോസ് ഈ വീഡിയോ ട്രാവൽ മാസ്റ്റർ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഈ അക്കൗണ്ടിന് പതിനെട്ട് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഉള്ളത്.

Advertisement
Advertisement