ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്‌ട്രീയത്തെയെന്ന് മോദി; രാജ്യസഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിഷേധം

Wednesday 03 July 2024 12:36 PM IST

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎയുടെ വൻ വിജയത്തെ 'ബ്ലാക്കൗട്ട്' ചെയ്യാൻ ശ്രമം നടക്കുകയാണ്. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്‌ട്രീയത്തെയാണെന്നും അദ്ദേഹം പറ‌ഞ്ഞു. 'മൂന്നിലൊന്ന് പ്രധാനമന്ത്രി' എന്ന പരിഹാസം മോദി തള്ളി. മൂന്നിലൊന്ന് കാലമേ പൂർത്തിയായിട്ടുള്ളു. ഭരണഘടന തനിക്ക് സർവോപരിയാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വർഷത്തിൽ നിർണായക തീരുമാനമെടുക്കുമെന്നും മോദി പറഞ്ഞു.

ആദ്യ 10 മിനിട്ട് സമാധാനപരമായിരുന്നു എങ്കിലും പിന്നീട് പ്രസംഗത്തിനിടെ പ്രതിപക്ഷം മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി. മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം.

അതേസമയം, പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കുകയാണ്. ഇന്നലെ ലോക്‌സഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് മോദി മുന്നേറിയത്. എന്നാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ മറുപടി പറഞ്ഞില്ല.

ജനങ്ങൾ വീണ്ടും അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞത്. പ്രതിപക്ഷം നുണപ്രചരിപ്പിച്ചിട്ടും വീണ്ടും അധികാരത്തിലെത്തിയെന്ന് മോദി പറഞ്ഞു. അവരുടെ വേദന തങ്ങൾക്ക് മനസിലാവുന്നുണ്ട്. അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു. രാജ്യം ഒരുപാട് കാലം പ്രീണന രാഷ്ട്രീയത്തിന് സാക്ഷിയായി. ഇപ്പോൾ പ്രീണന രാഷ്ട്രീയം ഇന്ത്യയിൽ അവസാനിച്ചിരിക്കുന്നു. എല്ലാവരുടെയും വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

Advertisement
Advertisement