കറിക്കത്തി ചുണ്ടിൽ ചേർത്ത് പാടാൻ ആകുമോ? ചീർപ്പും ജഗ്ഗും കാസറോളും ഉപയോഗിച്ചുവരെ പറ്റുമെന്ന് വൈറൽ പാട്ടുകാരി

Wednesday 03 July 2024 12:37 PM IST

പത്താംക്ലാസിൽ വച്ച് അപൂർവ രോഗം സൃഷ്‌ടിച്ച കാഴ്ചപരിമിതിയും മറ്റ് അവശതകളും സുനിത ടൈറ്റസ് (45)​ മറക്കുന്നത് അടുക്കളപ്പാട്ടിലൂടെയാണ്. പുട്ടുകുറ്റി,​ തവി, ജഗ്ഗ്,​ കാസറോൾ,​ പച്ചക്കറി ചോപ്പർ,​ ചീർപ്പ്,​ കറിക്കത്തി എന്നിവയൊക്കെയാണ് സുനിതയുടെ വാദ്യങ്ങൾ. അടുക്കള ജോലിക്കിടെ പുട്ടുകുറ്റിയുടെ അടിഭാഗത്ത് പേപ്പർ അമർത്തിവച്ച് അതിൽ ചുണ്ടുചേർത്ത് പാടും - കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ...

ഈ 'വാദ്യ'ങ്ങളിൽ പത്രക്കടലാസോ, സമ്മാനങ്ങൾ പൊതിയുന്ന പേപ്പറോ, വാട്ടിയ വാഴയിലയോ പൊതിഞ്ഞാൽ മതി... സംഗീതോപകരണങ്ങളാവും. അവയിൽ ചുണ്ടുചേർത്താൽ ഗാനമാധുരി ഒഴുകും...തന്റെ പാട്ടിന് സുനിത പേരുമിട്ടു - 'കിച്ചൺ മ്യൂസിക്.'

പെരിയോനേ... റഹ്‌മാനേ... ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ... സാമവേദം നാവിലുണർത്തിയ സ്വാമിയേ... താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ... കസ്തൂരി മണക്കുന്നല്ലോ കാറ്റേ...തുടങ്ങി അമ്പതോളം പാട്ടുകൾ പാടി. സോഷ്യൽ മീഡിയയിൽ ഹിറ്റായി. മക്കളുടെ സ്‌കൂളിലും മറ്റ് പൊതുപരിപാടികളിലും പാടി.

ചീർപ്പിൽ കടലാസ് പൊതിഞ്ഞ് പാടുന്ന ഒരു വീഡിയോ പ്ലസ്ടൂ വിദ്യാർത്ഥിയായ മകൾ ട്രീസ കാണിച്ചതാണ് പ്രചോദനം. മറ്റൊരു മകൾ രണ്ടാം ക്‌ളാസ് വിദ്യാർത്ഥി ടെസ. ഭർത്താവ് ടൈറ്റസ് കൂലിപ്പണിക്കും മക്കൾ സ്‌കൂളിലും പോകുന്നതോടെ സ്വയം പരിശീലിച്ചു.

വിടാതെ രോഗം

പീച്ചി വിലങ്ങന്നൂർ തെക്കെ പായക്കണ്ടം സ്വദേശിയാണ് സുനിത ടൈറ്റസ്. പഠനകാലം മുതൽ പാട്ടിൽ താൽപര്യമുണ്ടായിരുന്നു. പത്താം ക്‌ളാസിലായിരിക്കെ ആമവാതവും ടി.ബിയും പിടിപെട്ടു. പിന്നീട് അപൂർവരോഗമായ സ്റ്റീവൻ ജോൺസൺ സിൻഡ്രോം ബാധിച്ച് ശരീരം പൊള്ളിയത് പോലെയായി. തലയെയും കണ്ണിനെയും ബാധിച്ചു. നാഡികൾ തളർന്ന് ഇടതുകണ്ണിന് പൂർണമായും കാഴ്ചയില്ലാതായി. കൺപോളയ്ക്കുള്ളിലും പീലി വളരുന്നത് മാസത്തിലൊരിക്കൽ ആശുപത്രിയിലെത്തി പിഴുതുമാറ്റണം. ശ്വാസം മുട്ടലുമുണ്ട്. വീടിന് പുറത്തിറങ്ങാൻ പരസഹായം വേണമെങ്കിലും വീട്ടുജോലികൾ സുനിതതന്നെ ചെയ്യും.

എം.ജി.ശ്രീകുമാറിന്റെ പാട്ടുകൾ വലിയ ഇഷ്ടമാണ്. ഇതുപോലെ കൂടുതൽ പാടാൻ ശ്രമിക്കുന്നു.

Advertisement
Advertisement