നിരക്ക് വർദ്ധന നാളെ നിലവിൽ വരുമെങ്കിലും പഴയ നിരക്കിൽ തന്നെ മൊബൈൽ റീച്ചാർജ് ചെയ്യാം, കമ്പനികളുടെ വമ്പൻ ഓഫർ

Wednesday 03 July 2024 1:05 PM IST

ജിയോയും എയർടെലും വിയുമടക്കം വിവിധ ടെലികോം കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. 25 ശതമാനത്തോളം ചാർജ് വർദ്ധിക്കുമ്പോൾ പല കമ്പനികളും നേരിടാൻ പോകുന്ന പ്രശ്നമാണ് അവരുടെ ഉപയോക്താക്കളെ നഷ്ടമാകുക എന്നത്. എന്നാൽ ഇത് പരിഹരിക്കാനും മികച്ച വഴി അവർ കണ്ടെത്തിക്കഴിഞ്ഞു. ഒരു വർഷത്തേക്കുള്ള പ്ളാൻ സ്വീകരിക്കുന്നവർക്ക് മികച്ച ഓഫറാണ് കമ്പനികൾ മുന്നോട്ടുവയ്ക്കുന്നത്. പഴയനിരക്കിൽ തന്നെ 365 ദിവസത്തെ പ്ളാൻ എടുത്തവർക്ക് റീചാർജ് ചെയ്യാനാകുന്നതാണ് ഓഫർ.

2545 രൂപ മുതൽ 3099 രൂപ വരെയുള്ളതാണ് വിവിധ കമ്പനികളുടെ 365 ദിവസത്തെ റീച്ചാർജ് ഓഫറുകൾ. വിലക്കൂടുതൽ പ്രഖ്യാപിച്ച ശേഷം പ്രതിദിന റീച്ചാർജുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുണ്ട്. പേടിഎം ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നവരുടെ എണ്ണത്തിൽ 15 മുതൽ 20 ശതമാനം വർദ്ധനവുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിൽ ദീർഘകാല പാക്കേജ് എടുത്തവരുമുണ്ട്. ദീർഘകാല പാക്കേജ് എടുക്കുന്നവർ മൊബൈൽ നമ്പർ പോർട്ട് ചെയ്‌ത് ഉപേക്ഷിച്ച് പോകാൻ സാദ്ധ്യത കുറവാണെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ. എന്നാൽ നിരവധിപേർ കുറഞ്ഞ കാലത്തെ പ്ളാനുകൾ സ്വീകരിക്കുമ്പോൾ ഈ കണക്കുകൂട്ടൽ എത്രത്തോളം ശരിയാകുമെന്ന് കണ്ടറിയണം.

മൊബൈൽ നമ്പർ പോർട്ടബിളിറ്റിയുടെ വരവോടെ സേവനത്തിൽ തൃപ്‌തിവന്നില്ലെങ്കിൽ ഉടൻ കമ്പനി മാറുന്ന ഉപയോക്താക്കളുടെ എണ്ണം കൂടി. പഴയ ഓഫർ നൽകിയാൽ ഒരുവർ‌ഷത്തേക്കെങ്കിലും കസ്‌റ്റമറെ നഷ്‌ടമാകില്ലെന്ന് ടെലികോം കമ്പനികൾ കരുതുന്നു. 28 അല്ലെങ്കിൽ 84 ദിവസത്തെ പ്ളാനുകളിൽ താൽപര്യമുള്ളവരാണ് രാജ്യത്തെ മിക്ക ജനങ്ങളുമെന്ന് ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് ബാലാജി സുബ്രഹ്മണ്യൻ അഭിപ്രായപ്പെടുന്നു. ഗ്രാമീണ മേഖലയിൽ പ്രതിദിന പാക്കേജുകൾ എടുക്കുന്നവരും കുറവല്ല.

Advertisement
Advertisement