"ബാലക് ബുദ്ധി" എന്ന് പറയുന്നവർ "ബാലക്" തന്നെയാണ്; മോദിക്ക് ചുട്ട മറുപടിയുമായി അഖിലേഷ് യാദവ്
ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷം. നീറ്റ് അടക്കമുള്ള വിഷയങ്ങളിൽ മോദിക്ക് ഉത്തരമില്ലെന്നും ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുലിനെ വിമർശിച്ചതെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.
തന്നെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും മോദി നേരത്തെ മറുപടി നൽകിയിരുന്നു. 'ഈ 'ബാലക് ബുദ്ധി' (കുട്ടികളുടെ മനസ്) ചില സമയങ്ങളിൽ സഭയിൽ ആരെയെങ്കിലും കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു, ചിലപ്പോഴൊക്കെ കണ്ണിറുക്കുന്നു,' - എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. 2018 ൽ മോദിയെ രാഹുൽ സഭയിൽ കെട്ടിപ്പിടിച്ചിരുന്നു.
അതേസമയം ഈ തിരഞ്ഞെടുപ്പിൽ 140 കോടി ഇന്ത്യക്കാർ നരേന്ദ്ര മോദി സർക്കാരിനോട് 'തുംസേ ന ഹോ പയേഗാ' എന്ന് പറഞ്ഞതായി കോൺഗ്രസ് തിരിച്ചടിച്ചു. കോൺഗ്രസിന്റെ സഖ്യകക്ഷിയായ സമാജ്വാദി പാർട്ടി അദ്ധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് 'ബലക് ബുദ്ധി'പരിഹാസത്തിനെതിരെ പ്രതികരിച്ചു.
'നീറ്റിനെക്കുറിച്ച് ആരും ചോദ്യം ചോദിക്കാതിരിക്കാനാണ് ഇതെല്ലാം പറയുന്നത്. ബാലക് ബുദ്ധി പറയുന്നവർ ബാലക് (കുട്ടികൾ) തന്നെയാണ്. കാരണം ആളുകൾ ആരെയെങ്കിലും തിരഞ്ഞെടുത്തപ്പോൾ അത്തരം അഭിപ്രായങ്ങൾ പറയരുത്. സർക്കാരിൽ ഇപ്പോഴും രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവില്ലാത്ത ബാലക് ഉണ്ട്.'- അദ്ദേഹം വ്യക്തമാക്കി.