20 വർഷം ആണിയടിക്കാനും കായ്‌കൾ പൊട്ടിക്കാനും ഉപയോഗിച്ച 'ചുറ്റികയ്‌ക്ക്' മറ്റൊരു മുഖം, അറിഞ്ഞ് 90കാരി അമ്മൂമ്മ ഞെട്ടി

Wednesday 03 July 2024 4:09 PM IST

ബീജിംഗ്: രണ്ട് പതിറ്റാണ്ട് മുൻപൊരിക്കൽ തന്റെ കൃഷിസ്ഥലത്ത് പണിയെടുക്കുമ്പോഴാണ് ചൈനയിലെ ഒരു മുത്തശ്ശിക്ക് ആ ലോഹകഷ്‌ണം കിട്ടിയത്. നല്ല കട്ടിയുള്ളതുകൊണ്ട് വാൾനട്ടും അടയ്‌ക്കയുമെല്ലാം പൊട്ടിക്കാനും ആണിയടിക്കാനുമെല്ലാം മുത്തശ്ശി അതുപയോഗിച്ചു. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം സത്യമറിഞ്ഞതോടെ മുത്തശ്ശി ഞെട്ടിയിരിക്കുകയാണ്. ഹുബെ പ്രവിശ്യയിലെ ഷിയാംഗ്‌യാംഗിലെ ക്വിൻ എന്ന 90കാരി മുത്തശിയാണ് കഴിഞ്ഞ 20 വർഷമായി ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ടുപോന്നത്.

ചുറ്റിക പോലെയൊരു ലോഹകഷ്‌ണം എന്ന പേരിൽ മുത്തശി ഉപയോഗിച്ചത് ശരിക്കും ഉപയോഗയോഗ്യമായ ഒരു ഹാൻഡ് ഗ്രനേഡ് ആയിരുന്നു. വസ്‌തുവിന്റെ യഥാർത്ഥ ഉപയോഗം മനസിലാകാത്ത മുത്തശി അത് വീട്ടാവശ്യത്തിനെടുത്തു. അസാധാരണമായ ഒരു ലോഹകഷ്‌ണം എന്നുമാത്രമേ അമ്മൂമ്മയ്‌ക്ക് അറിയുമായിരുന്നുള്ളു.

അമ്മൂമ്മയുടെ വീട് പുതുക്കിപണിയുന്നവർ ചുറ്റികയല്ല അത് ഗ്രനേഡ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു ചൈനീസ്-67 മോഡൽ ഹാന്റ് ഗ്രനേഡായിരുന്നു അത്. ഉടനെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുപോലെയുള്ള ഉപകരണങ്ങൾ കിട്ടിയാൽ ഉപയോഗിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. രണ്ട് പതിറ്റാണ്ടിനിടെ ഒരിക്കൽ പോലും ഈ ഗ്രനേഡ് പൊട്ടിത്തെറിക്കാത്തത് അമ്മൂമ്മയുടെ ഭാഗ്യമാണെന്നാണ് സംഭവം അറിഞ്ഞവരെല്ലാം പ്രതികരിച്ചത്. വൈകാതെ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് സ്ഥലത്തെത്തി ഗ്രനേഡ് നിർവീര്യമാക്കി.

Advertisement
Advertisement