ഇത്തരത്തിലാകരുത് ഗുരുദക്ഷിണ

Thursday 04 July 2024 12:41 AM IST

കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച എസ്.എഫ്.ഐക്കാരിൽനിന്ന് പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കും നേരിടേണ്ടിവന്ന ദുരനുഭവം ശക്തമായി അപലപിക്കപ്പെടേണ്ടതു തന്നെയാണ്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട ഉദാഹരണങ്ങളിലൊന്നായി വേണം ഇതിനെ കാണാൻ. നാലുവർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ സഹായിക്കാനെന്ന പേരിൽ കോളേജിൽ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കാൻ വിദ്യാർത്ഥി യൂണിയൻ നടത്തിയ ശ്രമത്തിനിടെയാണ് അരുതാത്തതെല്ലാം അരങ്ങേറിയത്. നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സർക്കാർ വക ചടങ്ങ് ഓൺലൈനിൽ നടക്കവെ ഹെൽപ്പ് ഡെസ്‌ക് രൂപീകരണം വൈകിയതിനെച്ചൊല്ലിയാണ് എസ്.എഫ്.ഐക്കാർ ഇടഞ്ഞത്. ഇതാണ് പിന്നീട് സംഘർഷത്തിലും പ്രിൻസിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും കായികമായി നേരിടുന്നതിലും കലാശിച്ചത്. തങ്ങളല്ല, പ്രിൻസിപ്പലാണ് വിദ്യാർത്ഥി നേതാവിന്റെ കരണമടിച്ചു തകർത്തതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഏതായാലും വിദ്യാർത്ഥി നേതാവും പ്രിൻസിപ്പലും ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രണ്ടു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. അക്കാഡമിക് വർഷത്തിന്റെ തുടക്കത്തിൽത്തന്നെ ക്യാമ്പസുകൾ കലുഷമാകുന്നതും അദ്ധ്യയനം മുടങ്ങുന്നതും അത്യധികം നിർഭാഗ്യകരമാണ്. ക്യാമ്പസിൽ മേൽക്കൈ നേടാനുള്ള ശ്രമത്തിൽ, ഭീതിപരത്തി വിദ്യാർത്ഥികളെ വരുതിയിലാക്കാനുള്ള വിദ്യകൾ പയറ്റാറുള്ളത് ഇതാദ്യമൊന്നുമല്ല. കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഹെൽപ്പ് ഡെസ്‌ക് രൂപീകരണത്തിന്റെ പേരിൽ കോളേജ് മേധാവികളുമായി നേരിട്ട് ഇടയാൻ ശ്രമിച്ചവരെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രതിനിധികളായി കാണാൻ പ്രയാസമാണ്. അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം കോളേജിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ മുഴങ്ങിക്കേട്ട ഭീഷണി നിറഞ്ഞ മുദ്രാ‌വാക്യങ്ങളാകട്ടെ, വിദ്യാർത്ഥികൾക്കല്ല, കവലച്ചട്ടമ്പിമാർക്കു മാത്രം യോജിക്കുന്ന തരത്തിലായിരുന്നു.

കോളേജ് പ്രിൻസിപ്പൽ രണ്ടുകാലിൽ നടക്കില്ലെന്നും, നെഞ്ചിൽ അടുപ്പു കൂട്ടുമെന്നുമൊക്കെ തങ്ങളുടെ ഗുരുനാഥന്മാരെ വെല്ലുവിളിക്കുമ്പോൾ ക്യാമ്പസ് രാഷ്ട്രീയത്തിലെ ജീർണത ഏതറ്റം വരെ എത്തിയെന്ന് ഊഹിക്കാനാകും. കോളേജുകളിൽ, പ്രത്യേകിച്ചും സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ യൂണിയനുകളുടെ ദയാദാക്ഷിണ്യത്തിലാണ് കോളേജ് ഭരണ നിർവഹണം നടത്തുന്നതെന്നത് രഹസ്യമൊന്നുമല്ല. ക്യാമ്പസുകളിൽ വിദ്യാർത്ഥി യൂണിയനുകൾക്ക് ജനാധിപത്യ രീതിയിൽ സംഘടിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സർവ സ്വാതന്ത്ര്യ‌‌വുമുണ്ട്. ഈ സ്വാതന്ത്ര്യ‌ം ദുരുപയോഗപ്പെടുത്തുന്ന ഘട്ടം എത്തുമ്പോഴാണ് സമൂഹം അതിനെതിരെ ശബ്ദമുയർത്താറുള്ളത്. പൂക്കോട് വെറ്ററിനറി കോളേജിൽ സിദ്ധാർത്ഥൻ എന്ന കുട്ടിയുടെ ദാരുണ മരണത്തിന്റെ ഓർമ്മ മറക്കാറായിട്ടില്ല. ഭരണപക്ഷ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരുടെ കിരാത മർദ്ദനമുറകളാണ് വീട്ടുകാരുടെ പ്രതീക്ഷയായിരുന്ന ആ മിടുക്കൻ കുട്ടിയുടെ മരണത്തിനിടയാക്കിയത്. ഇതുപോലുള്ള വേറെയും നിരവധി സംഭവങ്ങൾ അങ്ങിങ്ങ് ഇടയ്ക്കിടെ നടക്കാറുണ്ട്.

വിദ്യാർത്ഥി സംഘടനകൾ അതിരുവിട്ട് സഞ്ചരിക്കാൻ തുടങ്ങുമ്പോൾ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങൾ സത്വരമായി ഇടപെടാൻ മടിക്കുന്നതുകൊണ്ടാണ് ആർക്കും വഴങ്ങാതെ പലവിധ തോന്ന്യാസങ്ങളിലേക്ക് അവർ തിരിയുന്നത്. ജനങ്ങളിൽ നിന്ന് തിരിച്ചടികൾ നേരിടേണ്ടിവന്നിട്ടും പിന്തുടർന്നു പോരുന്ന ജനാധിപത്യവിരുദ്ധ പാത ഉപേക്ഷിക്കാൻ ഇക്കൂട്ടർ ഒരുക്കമല്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും അങ്ങിങ്ങു കാണാനാവുന്നത്. കോളേജ് പ്രിൻസിപ്പലിന്റെ കാലു വെട്ടുമെന്നും നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങൾ അണികളെ ആവേശം കൊള്ളിക്കാൻ ഉതകുമെങ്കിലും കേൾക്കുന്നവരിൽ അവജ്ഞയും വെറുപ്പുമേ ഉളവാക്കുകയുള്ളൂ എന്ന് നേതാക്കൾ മനസിലാക്കണം. ഗുരുദക്ഷിണ ഇവ്വിധമാണെന്ന് പരസ്യമായി വിളിച്ചുപറയാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം. വിജ്ഞാന സമ്പാദനത്തിനൊപ്പം സംസ്കാരവും സ്വായത്തമാക്കുക എന്നതു കൂടിയാണ് കലാശാലാ വിദ്യാഭ്യാസംകൊണ്ട് ഉദ്ദേശിക്കുന്നത്. ലക്ഷ്യം പാടേ മറന്നുകൊണ്ടുള്ള ഏതു പ്രവൃത്തിയും തിരിച്ചടി നൽകുമെന്ന കാര്യം മറക്കരുത്.

Advertisement
Advertisement