മാതൃകയാകണം ഡിജിറ്റൽ 'ലാലൂർ'
തൃശൂരിലെ ഒരു ചെറിയ വാർഡാണ് ലാലൂർ. ഈ പേര് കേരളമാകെ ശ്രദ്ധിക്കപ്പെട്ടത് മാലിന്യക്കൂമ്പാരത്തിനെതിരെ നടന്ന ജനകീയ സമരത്തിന്റെ പേരിലാണ്. തൊണ്ണൂറുകളിൽ തുടങ്ങി ഏതാണ്ട് മൂന്നു ദശാബ്ദത്തോളമാണ് മാലിന്യ നിക്ഷേപത്തിനെതിരെ ജനങ്ങളുടെ പ്രക്ഷോഭം നീണ്ടുനിന്നത്. വി.എസ്. അച്യുതാനന്ദനും യേശുദാസും തുടങ്ങി കേരളീയ രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെല്ലാം ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇവരുടെ സമരപ്പന്തലിൽ എത്തിയിട്ടുണ്ട്. ടി.കെ. വാസുവും കെ. വേണുവുമൊക്കെയാണ് സമരത്തിന് നേതൃത്വം നൽകിയത്. ജനിച്ചുവളർന്ന നാട്ടിൽ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു ആ സമരം.
ശക്തൻ തമ്പുരാന്റെ കാലം മുതൽ തൃശൂരിന്റെ മാലിന്യങ്ങൾ വെറുതെ കൊണ്ടുത്തള്ളുന്ന സ്ഥലമായിരുന്നു അത്. പഴയകാലത്ത് ആൾവാസമില്ലാത്ത സ്ഥലമായിരുന്നു അത്. പിന്നീട് ജനവാസകേന്ദ്രമായി മാറിയപ്പോഴും മാലിന്യനിക്ഷേപം നഗരസഭ തുടർന്നുവന്നു. ഒരു പ്രശ്നത്തിന്റെ പേരിൽ ജനങ്ങൾ ഒറ്റക്കെട്ടായി സമരം ചെയ്താൽ വിജയിക്കാതെ പോകില്ല. മാലിന്യം കുറെയൊക്കെ സർക്കാർ മാറ്റുകയും ബാക്കിയുള്ളത് ആഴത്തിൽ കുഴിയെടുത്ത് മൂടുകയും ചെയ്തു. പിന്നീട് മാലിന്യം ആ ഭാഗത്തേക്കേ കൊണ്ടുപോയില്ല. ഹരിതകർമ്മസേനയുടെ ആവിർഭാവത്തോടെ ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ഏർപ്പാടുകളുണ്ടായി. പഴയകാലത്ത് മാലിന്യം തള്ളിയിരുന്ന സ്ഥലത്താണ് ഇപ്പോൾ ലാലൂരിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാലിന്യ നിക്ഷേപത്തിനെതിരെ പോരാടി ജയിച്ച ലാലൂരിലെ നാട്ടുകാർ ഇപ്പോൾ മറ്റൊരു യജ്ഞത്തിലാണ്. ആറുമാസത്തിനകം രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വാർഡായി മാറാനുള്ള യത്‌നങ്ങളാണ് അവിടെ നടക്കുന്നത്.
ലാപ്‌ടോപ്പുമായി അയ്യന്തോൾ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർ ലാലൂർ വാർഡിലെ ഓരോ വീട്ടിലും കയറിയിറങ്ങുകയാണ്. ആധാർ, പാൻ, റേഷൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ പൗരന്മാരുടെ എല്ലാ രേഖകളും ഡിജിറ്റലാക്കി സൂക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇവർ വീടുകൾ സന്ദർശിക്കുന്നത്. 1537 വീടുകളാണ് ഇവിടെ ആകെയുള്ളത്. ഓരോരുത്തർക്കും ക്യു.ആർ. കോഡ് നൽകും. ആധാർ ഇനിയും എടുത്തിട്ടില്ലാത്തവർക്ക് അത് എടുത്തു നൽകും. കൂടാതെ ഡിജിറ്റൽ പേമെന്റ് പരിശീലനവും നൽകും. ഇതിനൊക്കെ പുറമെ, ഡിജിറ്റലാകുന്ന വീടിന്റെ മുറ്റത്ത് വർഷം മുഴുവൻ കായ്‌ക്കുന്ന ഒരു ആയുർ പ്ളാവും നടും. ഒരു വർഷം മുമ്പാണ് വാർഡ് കൗൺസിലർ പി.കെ. ഷാജന്റെ നേതൃത്വത്തിൽ ലാലൂരിനെ ഡിജിറ്റലാക്കാനുള്ള യത്നം തുടങ്ങിയത്. സ്റ്റേറ്റ് ഐ.ടി വെൽഫെയർ ബോർഡ് ഡയറക്ടർ എ.ഡി. ജയനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇരുപത് വോളന്റിയർമാർ രംഗത്തുണ്ട്.
സർക്കാരിന്റെ ഡിജിറ്റൽ ലോക്കർ വെബ്‌സൈറ്റിൽ അക്കൗണ്ടുണ്ടാക്കി രേഖകൾ അപ്‌ലോഡ് ചെയ്യും. സ്മാർട്ട് ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ബാങ്ക് ലോക്കറിലെന്ന പോലെ രേഖകൾ സുരക്ഷിതമായിരിക്കും. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമായ കേരളത്തിൽ ഈ ലാലൂർ മാതൃക എല്ലാ പഞ്ചായത്തുകളും അവലംബിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പഞ്ചായത്തുകളിൽ രേഖകൾ നഷ്ടപ്പെടുന്നതും നശിക്കുന്നതും പതിവായ സാഹചര്യത്തിൽ ഓരോ വ്യക്തിക്കും ക്യു.ആർ. കോഡുള്ള ഡിജിറ്റൽ വാർഡുകൾ ഒട്ടേറെ കാര്യങ്ങൾക്കും പദ്ധതികൾക്കും പ്രയോജനകരമാകും. അതോടൊപ്പം തന്നെ ഈ രേഖകൾ ചോരാതിരിക്കാനുള്ള മുൻകരുതലുകളും അധികൃതർ സ്വീകരിക്കേണ്ടതാണ്. എല്ലാം ഡിജിറ്റലായി മാറുന്ന കാലമാണിത്. അപ്പോൾ ഇതുപോലുള്ള മാറ്റങ്ങൾ അനിവാര്യമാണ്.