ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി തട്ടിയ മൂന്നുപേർ പിടിയിൽ
ചേർത്തല : ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നും 7.65 കോടി തട്ടിയ സംഘത്തിലെ മൂന്നുപേർ പിടിയിലായി. പണം നഷ്ടപെട്ട ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ചേർത്തല സ്വദേശിയായ ഡോ.വിനയകുമാറിന്റെ അക്കൗണ്ടിൽ നിന്നും പണം അയച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട് സ്വദേശികളായ മൂന്നു പേർ കുടുങ്ങിയത്.
കോഴിക്കോട് കൊടുവള്ളി കൊടകുന്നുമ്മേൽ കുന്നയേർ വീട്ടിൽ മുഹമ്മദ് അനസ്(25),കോഴിക്കോട് ഓമശേരി പുത്തൂർ ഉള്ളാട്ടൻപ്രായിൽ പ്രവീഷ്(35),കോഴിക്കോട് കോർപറേഷൻ ചൊവ്വായൂർ ഈസ്റ്റ് വാലി അപ്പാർട്ട്‌മെന്റ് അബ്ദുൾ സമദ്(39)എന്നിവരെയാണ് ചേർത്തല സി.ഐ ജി.പ്രൈജുവിന്റെയും എസ്.ഐ അനിൽകുമാറിന്റേയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും 20 ലക്ഷംരൂപ കണ്ടെത്തി. സംഭവവുമായി നേരിട്ടു ബന്ധമുള്ള മലയാളികളായ രണ്ടു സ്ത്രീകളടക്കം നാലുപേർ പൊലീസ് വലയത്തിലാണ്. സംഘത്തിലെ പ്രധാനികളെ കുറിച്ചടക്കം സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായവർ തട്ടിപ്പുമായി നേരിട്ടുബന്ധമുളളവരാണെന്നും കൂടുതൽ പേർ വൈകാതെ പിടിയിലാകുമെന്നും ചേർത്തല ഡിവൈ.എസ്.പി എസ്.ഷാജി,സി.ഐ ജി.പ്രൈജു എന്നിവർ പറഞ്ഞു.മലയാളികളുടെ സഹായത്തോടെ ഗുജറാത്ത്,ജാർഖണ്ഡ്,ഒറീസ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഡോക്ടർമാരുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നാണ് 7.65 കോടി അയച്ചത്.ഈ അക്കൗണ്ടിൽ നിന്നും പണം എത്തിയതടക്കം വിവിധ സംസ്ഥാനങ്ങളിലെ ഏതാനും അക്കൗണ്ടുകൾ പൊലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്.
ഇൻവെസ്‌കോ,കാപ്പിറ്റൽ,ഗോൾ ഡിമാൻസ് സാക്സ് എന്നീകമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണ് ഡോക്ടർ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്.രണ്ടുമാസത്തിനിടെയാണ് ഇവർ സംഘത്തിന് ഇത്രയും തുക കൈമാറിയത്. സി.ഐ ജി.പ്രൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ്.ഐ. പി.കെ.അനിൽകുമാർ,എസ്.ഐ.മഹേഷ്, എ.എസ്.ഐ.സജിത,എസ്.സി.പിഒമാരായ കെ.പി.സതീഷ്,പ്രവീഷ്,അരുൺകുമാർ,ഗിരീഷ്,അജയ്,രസ്ന രാമചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.