ഇവിടെ ഉദ്ഘാടനം, അവിടെ കേക്ക് മുറി

Thursday 04 July 2024 12:02 AM IST

എന്ത് കാര്യത്തിനായാലും നല്ലൊരു തുടക്കം വേണം. ചെയ്യാൻ പോകുന്ന കാര്യം എന്തെന്ന് മറ്റുള്ളവർക്ക് മുന്നിൽ വിളംബരം ചെയ്യാനും അതിലേക്ക് എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാനും ഏറ്റവും ഉത്തമമായ മാർഗമാണ് ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങുകൾക്ക് പണ്ട് മുതലേ പലവിധ രീതികൾ നമ്മുടെ നാട്ടിൽ പിന്തുടർന്ന് വരുന്നുണ്ട്. ചിലത് വിളക്കു കൊളുത്തിയാവും ചിലത് നാട മുറിച്ചാവും എന്നാൽ മറ്ര് ചിലത് അനാച്ഛാദനം വഴിയും.... ഇതിനെല്ലാം പുറമെ പാട്ടുപാടിയും പ്രാർത്ഥന ചൊല്ലിയും ശംഖുമുഴക്കിയുമൊക്കെ ഉദ്ഘാടനത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരുണ്ട്. പക്ഷെ ഏതു കാര്യത്തിനും ഒരേ ഒരു ഉദ്ഘാടനം എന്നതാണ് പരമ്പരാഗതമായി നാം പിന്തുടരുന്ന ഒരു രീതി. എന്നാൽ ഇതിന് അപവാദങ്ങളില്ലാതില്ല. ഒരേപദ്ധതി തന്നെ സർക്കാരുകൾ മാറുന്നതനുസരിച്ച് വീണ്ടും വീണ്ടും ഉദ്ഘാടനം നടത്തിയതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങൾ സംസ്ഥാനത്ത് പല ജില്ലകളിലായി എടുത്തുകാട്ടാനുണ്ട്. ഉദ്ഘാടനം കഴിയുന്നതോടെ പദ്ധതി പ്രവർത്തനങ്ങളുടെ പരിസമാപ്തിയുമാവും. ഇത്രയും കാര്യങ്ങൾ ആമുഖമായി പറയാൻ കാരണം ജൂലായ് ഒന്നിന് തലസ്ഥനത്ത് റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ഉദ്ഘാടന ചടങ്ങാണ്. ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കലിന് താലൂക്ക് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് റവന്യുവകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചത്.

വീണ്ടും ഒരു ഉദ്ഘാടനം കൂടി

വിദ്യാർത്ഥി സംഘടനാ രംഗത്തും യുവജനസംഘടനാ രംഗത്തുമൊക്കെ പ്രവർത്തിക്കുമ്പോൾ മുതൽ ഇപ്പോഴത്തെ നമ്മുടെ മന്ത്രിക്ക് മൈക്ക് ഹരമാണ്. സംസാരിക്കാനൊരു മൈക്കും കേൾക്കാൻ മുന്നിൽ നല്ലൊരു സദസുമുണ്ടെങ്കിൽ പറയാൻ ആഗ്രഹിച്ചതും പറയേണ്ടുന്നതും ഭാവിയെ ഉദ്ദേശിച്ച് പറയേണ്ടിവരുന്നതുമായ എല്ലാ കാര്യങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന സ്വഭാവമാണ് നമ്മുടെ മാന്യനായ മന്ത്രിക്കുള്ളത്. ഇടയ്ക്ക് മൈക്ക് ഒന്നു പണിമുടക്കിയാൽ പോലും നമ്മുടെ മുഖ്യമന്ത്രിയെപ്പോലെ മൈക്ക് ഓപ്പറേറ്ററോട് കടക്ക് പുറത്ത് എന്നൊന്നും അദ്ദേഹം പറയാറില്ല. നല്ല മനോഹരമായ മലയാളത്തിൽ നല്ല ഒഴുക്കോടെ സംസാരിക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്.

സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ 2008-ൽ കൊണ്ടുവന്ന നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ചെറിയ ഭേദഗതി വരുത്തി നോട്ടിഫിക്കേഷനിൽ ഉൾപ്പെടാത്ത വസ്തുക്കളുടെ തരംമാറ്റം ക്രമപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് തരംമാറ്റത്തിന് അപക്ഷകളുടെ കുത്തൊഴുക്കായത്. രണ്ടര ലക്ഷത്തോളം അപേക്ഷകൾ തീർപ്പാക്കാതെ ആർ.ഡി.ഒ ഓഫീസുകളിൽ കെട്ടിക്കിടക്കാൻ തുടങ്ങിയപ്പോൾ കേരളകൗമുദിയാണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്.അതോടെ സർക്കാർ ഉണർന്നു പ്രവർത്തിച്ചു. തരംമാറ്റ അപേക്ഷ തീർപ്പാക്കലിന് പുതിയ പദ്ധതി ആവിഷ്കരിച്ചു. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചും താത്കാലിക ജീവനക്കാരെ നിയോഗിച്ചും ആവശ്യമായ വാഹനസൗകര്യങ്ങൾ ഒരുക്കിയും തീർപ്പാക്കൽ യജ്ഞം ഊർജ്ജിതമാക്കി. 2022 ജനുവരി മുതൽ അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലുമാക്കി. കടലാസ് അപേക്ഷകൾ ഒരു വിധം തീർപ്പാക്കിയെങ്കിലും അപ്പോഴേക്കും ഓൺലൈൻ അപേക്ഷകൾ കുന്നുകൂടാൻ തുടങ്ങി. വീണ്ടും ഇത് സർക്കാരിന് തലവേദന ആയപ്പോഴാണ് 27 ആർ.ഡി.ഒ ഓഫീസുകൾക്ക് പുറമെ 44 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി തീർപ്പാക്കലിന് അധികാരം നൽകാനുള്ള ചട്ടഭേദഗതി സർക്കാർ കൊണ്ടുന്നത്. സർക്കാരുമായി നല്ല ലോഹ്യത്തിലായതിനാൽ ഗവർണർ ഇത് ഒപ്പിടാതെ പിടിച്ചു വച്ചു. ഇടയ്ക്ക് ഗവർണർ ഒന്നയഞ്ഞപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒടുവിൽ എല്ലാ തടസങ്ങളും നീങ്ങി കാര്യങ്ങൾ ഒന്നു മയപ്പെട്ടപ്പോഴാണ് മന്ത്രിക്കും വകുപ്പിനും ഒരു തോന്നലുണ്ടായത്, തീർപ്പാക്കൽ മേഖലാടിസ്ഥാനത്തിലാക്കി, അതിനൊരു ഉദ്ഘാടനവും നടത്തിയാലോ. അങ്ങനെ രണ്ട് മൂന്ന് കൊല്ലമായി മുടങ്ങിയും നടന്നു നീങ്ങിക്കൊണ്ടിരുന്ന ഒരു പ്രവർത്തനത്തിന് ഒരു ഉദ്ഘാടനം. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യൂ ഡിവിഷണൽ ഓഫീസർ എന്ന നിർവചനത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസർ എന്നാൽ 'ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ താഴെയല്ലാത്ത സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ' എന്ന് ഭേദഗതി നിലവിൽ വന്ന സാഹചര്യത്തിൽ ജൂലൈ ഒന്നു മുതൽ 27 ആർ.ഡി.ഓ/സബ്കളക്ടർ മാർ കൈകാര്യം ചെയ്തിരുന്ന തരം മാറ്റ അപേക്ഷകൾ ഇനി മുതൽ 71 അധികാര സ്ഥാനങ്ങൾ കൈകാര്യം ചെയ്യും. ഡെപ്യൂട്ടി. കളക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഇത്രയുമൊക്കെ ചെയ്ത സ്ഥിതിക്ക് ഒരു ചെറിയ ഉദ്ഘാടന ചടങ്ങ് നടത്തുന്നതിൽ തെറ്റില്ലല്ലോ.

സമാപന ഉദ്ഘാടന

സമ്മേളനങ്ങൾ

റവന്യൂവകുപ്പിന്റെ മറ്റൊരു കലാപരിപാടിയാണ് ഡിജിറ്റൽ റീസർവെ.സംസ്ഥാനത്തെ 1550 വില്ലേജുകളിൽ നാലു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഡിജിറ്റൽ റീസർവെ ജോലികൾ തുടങ്ങിയത് 2022 നവംബർ ഒന്നിന്. 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന്റെ സന്തോഷം പങ്കുവയ്ക്കാനും ഒരു ചടങ്ങ്. അവിടെയും ഉണ്ടായിരുന്നു മൈക്കും മന്ത്രിയും . കൂട്ടത്തിൽ സന്തോഷ സൂചകമായി ഒരു കേക്ക് മുറിക്കലും. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് സർവെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പുകഴ്ത്തിയതോടെ കേക്കിനൊപ്പം പാൽപ്പായസം കൂടി നുണഞ്ഞ സന്തോഷമായി ജീവനക്കാർക്ക്.

2022 നവംബർ ഒന്നിന് ഡിജിറ്റൽ റീസർവെ ആരംഭിക്കുമ്പോൾ ഇന്നുള്ള പോലെ കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ലഭ്യമായിരുന്നില്ല. ഇന്ന് എല്ലാ സംവിധാനങ്ങളോടെ നാല് ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി, ആർക്കും പിഴുതുമാറ്റാനാവാത്ത, അതിർത്തി തർക്കങ്ങൾക്കിടവരുത്താത്ത ഡിജിറ്റൽ വേലികൾ തീർക്കുകയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നതെന്നായിരുന്നു മന്ത്രി രാജൻ അഭിമാനത്തോടെ പറഞ്ഞത്.

2024 കഴിയുന്നതോടെ ഡിജിറ്റൽ റീസർവെയുടെ രണ്ടാം ഘട്ടം പൂർണമായും പൂർത്തീകരിക്കാനാവും. ഒരു പരിധിവരെ മൂന്നാംഘട്ടത്തിന്റെ പൂർത്തീകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അപ്പോൾ വീണ്ടും രണ്ട് സമ്മേളനങ്ങൾ കൂടി പ്രതീക്ഷിക്കാം. രണ്ടാം ഘട്ടം പൂർത്തിയാക്കിയതിന്റെ സമാപന സമ്മേളനവും മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടന സമ്മേളനവും. ഇവിടെല്ലാം രാജൻ മന്ത്രി തന്നെ പ്രസംഗിക്കേണ്ടി വരുമെന്നതാണ് സത്യം. എങ്കിലും അദ്ദേഹത്തിന് അതിനൊരു മടുപ്പുമില്ല.

ഇതുകൂടി കേൾക്കണേ

ഒന്നും ചെയ്യാതെ തന്നെ ആവർത്തിച്ച് ശിലാ സ്ഥാപനവും ഉദ്ഘാടനവുമൊക്കെ പതിവായിട്ടുള്ള ഇക്കാലത്ത് എന്തെങ്കിലുമൊക്കെ ചെയ്തിട്ടു നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാം.

Advertisement
Advertisement