മഴക്കാഴ്ച,​ഉദ്യാനഭംഗി കൺകുളിരും കാഴ്ചയായി ജഗന്നാഥസന്നിധി

Wednesday 03 July 2024 8:06 PM IST

തലശ്ശേരി:മഴയിൽ കുളിച്ച് നിൽക്കുന്ന ഉദ്യാനം,​ പൂജാപുഷ്പങ്ങളായ ചെത്തി അടക്കം കുലകുലകളായി പൂത്തുനിൽക്കുന്നു,​ മുൻവശത്ത് സുവർണകാന്തിയിൽ സൂര്യകാന്തികൾ- ശ്രീ നാരായണഗുരുദേവൻ തൃക്കൈകൾ കൊണ്ട് പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രം വിശ്വാസത്തിനപ്പുറം വർഷകാലത്തെ നയനമനോഹര കാഴ്ച കൂടിയാണിപ്പോൾ.
ക്ഷേത്രത്തിന് ചുറ്റിലും പൂക്കളുമായി നിൽക്കുന്ന ചെടികൾ സാധാരണ ക്ഷേത്രക്കാഴ്ചകളിൽ നിന്ന് വേറിട്ടുനിൽക്കുകയാണ്. ക്ഷേത്രത്തിന് ചുറ്റും ഉദ്യാനം വേണമെന്ന ഗുരുവിന്റെ സങ്കൽപ്പത്തിലൂന്നിയാണ് ഇത് ഒരുക്കിയത്. ഭക്തർക്ക് പുറമെ പ്രകൃതി സ്‌നേഹികളേയും ഇവിടേക്ക് ആകർഷിക്കുന്നതാണ് ഈ ഉദ്യാനസൗന്ദരംയം. ചുറ്റിലും പലനിറങ്ങളിലും രൂപങ്ങളിലുമുള്ള വർണപ്പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനും ധാരാളം പേർ മഴക്കാലത്തും എത്തുന്നുണ്ട്.

അത്യപൂർവമായ നാഗലിംഗപുഷ്പം തൊട്ട് ഇന്ത്യൻ ദേശീയപുഷ്പമായ താമര വരെ ഇവിടെ വിരിഞ്ഞ് നിൽപ്പുണ്ട്. കർണ്ണാടക സ്വദേശിയായ ശിവനാണ് ചെടികളെ പരിപാലിക്കുന്നത്.അഡ്വ.കെ സത്യന്റെ അദ്ധ്യക്ഷതയിലുള്ള ശ്രീ ജ്ഞാനോദയ യോഗത്തിന്റെ പ്രത്യേകശ്രദ്ധ തന്നെ ക്ഷേത്രോദ്യാന പരിപാലത്തിലുണ്ട്.

Advertisement
Advertisement