എഴുകോണിൽ അനധികൃത മണ്ണെടുപ്പ്; ലോറികൾ പിടിയിൽ

Thursday 04 July 2024 1:16 AM IST

എഴുകോൺ : കാക്കകോട്ടൂരിൽ അനധികൃതമായി മണ്ണെടുപ്പ്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നാല് ടിപ്പറുകൾ മണ്ണോടെ പിടികൂടി. പഞ്ചായത്തിന്റെയോ ജിയോളജി വകുപ്പിന്റെയോ അനുമതിയില്ലാതെയായിരുന്നു മണ്ണെടുപ്പ്. അനധികൃതമായി മണ്ണെടുക്കാൻ ഉപയോഗിച്ച ജെ.സി.ബി. പിടികൂടാനായില്ല.

അനധികൃത മണ്ണെടുപ്പിനെയും നിലം നികത്തലിനെയും കുറിച്ച് എഴുകോണിൽ വ്യാപക പരാതികളുണ്ട്. നേരത്തെ ഇരുമ്പനങ്ങാട് വി.കെ.എം ജംഗ്ഷന് സമീപത്ത് നിലം നികത്തലിനുള്ള ശ്രമം വില്ലേജ് അധികൃതർ തടഞ്ഞിരുന്നു. അനധികൃതമായി മണ്ണെടുത്ത് നൽകുന്ന നിരവധി ലോബികൾ എഴുകോണിൽ ഉണ്ടെന്നും ആക്ഷേപം ഉണ്ട്. അനധികൃതമായി നികത്തിയ നിലങ്ങളിൽ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടും ബന്ധപ്പെട്ട അധികൃതർ നോക്ക് കുത്തികളായി നിൽക്കുകയാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആക്ഷേപം. കളക്ടർക്കും ആർ.ഡി.ഒക്കും പരാതി കിട്ടിയ സംഭവങ്ങളിലും സമാന സ്ഥിതിയാണ്. എഴുകോൺ കൃഷിഭവൻ തരിശുനില കൃഷിയിൽ വേണ്ട ഉത്സാഹം കാട്ടാത്തതും അനധികൃത നിലം നികത്തലിനും കുന്നിടിക്കലിനും കാരണമാകുന്നുണ്ട്. എഴുകോണിലെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട സമിതിയും സംശയ നിഴലിലാണ്.

ജെ.സി.ബി പിടികൂടണം

കാക്കകോട്ടൂരിൽ അനധികൃത മണ്ണെടുപ്പ് നടത്തിയ ജെ.സി.ബി പിടികൂടണം എന്നാവശ്യവും പരിസരവാസികളിൽ നിന്ന് ഉയരുന്നുണ്ട്. പെർമിറ്റില്ലാത്ത സ്ഥലങ്ങളിൽ നിന്ന് മണ്ണെടുക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കാൻ ഇത് അനിവാര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. പിടികൂടിയ ലോറികൾ ജിയോളജി വിഭാഗത്തിന് കൈ മാറാനാണ് എഴുകോൺ പൊലീസിന്റെ തീരുമാനം.

നികത്തൽ കണ്ണായ സ്ഥലങ്ങളിൽ

അനധികൃതമായി എടുക്കുന്ന മണ്ണ് കണ്ണായ സ്ഥലങ്ങളിലെ കൃഷി ഭൂമി നികത്താനാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ദേശീയ പാതയോരത്തും മറ്റുമാണ് ഇതധികവും.കാലക്രമത്തിൽ ഈ നീർത്തടങ്ങളെയൊക്കെ തരം മാറ്റി കരഭൂമി ആക്കുകയും ചെയ്യാം. ഇങ്ങനെ നികത്തുന്ന ഭൂമി ലക്ഷങ്ങൾ അധിക വില വാങ്ങി വിൽക്കാമെന്നതാണ് നികത്തുന്നവരുടെ ലാഭം.നീർത്തടങ്ങളും മറ്റും ഇങ്ങനെ നികത്തുന്നതിന്റെ പാരിസ്ഥിതിക ആഘാതം ഗുരുതരമാണ്. നീരുറവുകളും നീർച്ചോലകളുടെ സ്രോതസുകളും നികത്തിയാണ് പലപ്പോഴും നിലങ്ങൾ കരഭൂമിയാക്കുന്നത്.

Advertisement
Advertisement