കാര്യവട്ടം ക്യാമ്പസിൽ എസ്.എഫ്.ഐക്കാർ കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതായി പരാതി

Thursday 04 July 2024 1:17 AM IST

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി ആരോപണം. കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാർത്ഥിയുമായി സാഞ്ചോസിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. കോളേജിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ സാഞ്ചോസ് ക്യാമ്പസിലെ മെൻസ് ഹോസ്റ്റലിൽ സുഹൃത്തുമൊത്ത് എത്തിയപ്പോൾ മുൻ ഒറ്റപ്പാലം എം.പി അജയകുമാറിന്റെ മകൻ അജന്ത് അജയുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചുവെന്നാണ് ആരോപണം.

ക്യാമ്പസിൽ ഇന്ന് പുതിയ ബിരുദ ബാച്ചിന്റെ പ്രവേശനം നടക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്.എഫ്.ഐ ഇന്നലെ രാവിലെ പ്രചാരണം നടത്തുന്നതിനിടെ കെ.എസ്.യു- എസ്.എഫ്.ഐ പ്രവർത്തക‌രുമായി വാക്കേറ്റമുണ്ടായിരുന്നു. അതേസമയം, ക്യാമ്പസിലെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. സാഞ്ചോസിന്റെ നേതൃത്വത്തിൽ കെ.എസ്‌.യു പ്രവർത്തകർ ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തത്. ഉടൻ ശ്രീകാര്യം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കെ.എസ്.യു പ്രവർത്തരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് സാഞ്ചോസ് വിശദീകരിക്കുന്നത് ഇങ്ങനെ: വൈകിട്ട് സുഹൃത്തുമൊത്ത് ക്യാമ്പസിലെത്തിയപ്പോൾ അജന്ത്, അഭിജിത്ത് എന്ന സുഹൃത്തിനോട് 'ഇവനെ എടുത്തോ" എന്ന് നിർദ്ദേശിച്ചു. കേട്ടയുടൻ മറ്റ് എസ്.എഫ്.ഐ പ്രവർത്തകർ എന്നെ തൂക്കിയെടുത്തു. എന്നെ വിടണമെന്നും ആഹാരം കഴിച്ചതേയുള്ളൂ ഛർദ്ദിക്കുമെന്നും പറഞ്ഞെങ്കിലും ആരും കേട്ടില്ല. മെൻസ് ഹോസ്റ്റലിലെ 121-ാം നമ്പർ ഇടിമുറിയിലേയ്ക്കാണ് അവരെന്നെ കൊണ്ടുപോയത്. പോകുന്നതിനിടയിൽ ഞാൻ ബലം പ്രയോഗിച്ചപ്പോൾ അവർ എന്റെ കഴുത്തിന് പിടിച്ചു. ശ്വാസം പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് വിട്ടത്. 'നിന്റെ സംഘടനാ പ്രവർത്തനം കൂടുന്നുണ്ട്, ഇനി നീ ഹോസ്റ്റലിൽ കയറുന്നത് ഞങ്ങൾക്ക് കാണണം. സ‌ർവകലാശാലയും രജിസ്ട്രാറും ഞങ്ങൾക്കൊപ്പമാണെന്നും അവർ പറഞ്ഞു. മർദ്ദിക്കുന്ന വിവരം ആരെയെങ്കിലും അറിയിച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി".

തുടർന്ന് പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചു. സാഞ്ചോസിനെ പിടിച്ചുക്കൊണ്ടുപോകുന്ന വിദ്യാർത്ഥികൾ പൊലീസിനെ വിവരമറിയിച്ചു. രാത്രി 9ഓടെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നിന്ന് അധികൃതരെത്തി സാഞ്ചോസിനെ ജനറൽ ആശുപത്രിയിലെത്തിച്ചു. എസ്.എഫ്.ഐയുടെ മനുഷ്യാവകാശ ലംഘനമാണിതെന്ന് ക്യാമ്പസിലെത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Advertisement
Advertisement