ഓൺലൈൻ തട്ടിപ്പ് കേസ് 244, പിടിയിലായത് 40പേർ
ആലപ്പുഴ : ജില്ലയിൽ ഒരു വർഷത്തിനിടെ 244 ഓൺലൈൻ തട്ടിപ്പുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 40 പേരെ അറസ്റ്റ് ചെയ്തു. 35.12 കോടി രൂപയാണ് നഷ്ടമായത്. 18,20,573 രൂപ പരാതിക്കാരുടെ അക്കൗണ്ടിൽ തിരികെയെത്തിച്ചു. വിവിധ ബാങ്കുകളിലെ 63 അക്കൗണ്ടുകളിലായി 2,48,15,718രൂപ പരാതിക്കാരുടെ അക്കൗണ്ടിൽ ലഭ്യമാക്കാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി വരുന്നു. മെസേജ്, വ്യാജ വീഡിയോ കാൾ, ജോലി വാഗ്ദാനം, കെ.വൈ.സി അപ്ഡേഷൻ, വിവിധ തരം ലോണുകൾ എന്നിവയിലൂടെയാണ് കൂടുതലും തട്ടിപ്പ് നടന്നത്. ഓൺ ലൈൻ വ്യാപാരത്തിലൂടെ ചേർത്തല സ്വദേശിയുടെ 7.65 കോടിയുംവിദേശ മലയാളിയായ മാന്നാർ സ്വദേശിയുടെ 2.67കോടി രൂപയും തട്ടിയതാണ് ജില്ലയിൽ കൂടുതൽ പണം നഷ്ടപ്പെട്ട സംഭവങ്ങൾ. അന്തർ സംസ്ഥാന ബന്ധമുള്ളവരാണ് പിടിക്കപ്പെടുന്നവരിൽ കൂടുതലും.
പൊലീസ്, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പ്രോഫൈൽ ഉപയോഗിച്ച് വ്യാജ വീഡിയോകാൾ ചെയ്തുള്ള തട്ടിപ്പ് വ്യാപകമാണ്. പ്രതിയായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അറസ്റ്റിൽ നിന്നും കേസിൽ നിന്ന് ഒഴിവാക്കാനായി പണം ആവശ്യപ്പെടുന്ന രീതിയുണ്ട്.
തട്ടിപ്പ് വരുന്ന വഴി
വിദേശത്തേക്ക് പേരിൽ വന്ന പാഴ്‌സലിൽ മയക്കുമരുന്ന് പോലുള്ള നിയമവിരുദ്ധ സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു തട്ടിപ്പുകാരുടെ കോളുകളും മെസേജുകളും
നിക്ഷേപ മേഖലകളിൽ നിങ്ങൾക്കു വേണ്ടി നിക്ഷേപം നടത്തി വൻ സാമ്പത്തിക ലാഭം ലഭ്യമാക്കാനായി വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്നതിനായി മെസേജുകളും കോളുകളും
കുറഞ്ഞ സമയത്ത് നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാൻ വാഗ്ദാനങ്ങളുടെ ഫോൺ കോളുകളും മെസേജുകളും
വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട ശേഷം ഇരയുടെ താൽപര്യങ്ങളും മേഖലയും മനസിലാക്കിയ ശേഷം പണം ട്രാൻഫർ ചെയ്ത് വാങ്ങും.
ക്രെഡിറ്റ് കാർഡ്, എ.ടി.എം കാർഡുകളുടെ കെ.വൈ.സി അപ്ഡേഷൻ ചെയ്യൻ മെസേജ് എസ്.എം.എസ് ലഭിക്കുന്ന ഫോൺ നമ്പറിലൂടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ മനസിലാക്കി ഒ.ടി.പി കൈക്കലാക്കി പണം തട്ടും
അക്കൗണ്ടുകൾ സുരക്ഷിതമാക്കണം
സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആദ്യം സുരക്ഷിതമാക്കുക
പരിചയമില്ലാത്ത വ്യക്തികളെ സുഹൃത്തുക്കളായി ആഡ് ചെയ്യരുത്
സോഷ്യൽ മീഡിയയിലൂടെ എളുപ്പത്തിൽ പണം ആർജിക്കാവുന്ന മാർഗങ്ങൾ ഉപേക്ഷിക്കുക
ബാങ്കുമായി ബന്ധപ്പെട്ട ഒ.ടി.പി, യൂസർ ഐഡി ,പാസ് വേർഡ് തുടങ്ങിയവ മറ്റുള്ളവർക്ക് നൽകരുത്
പരിചയമില്ലാത്തവരുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യരുത്
സൈബർ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിലോ, cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതി രജിസ്‌റ്റർ ചെയ്യാം
- പൊലീസ്