കൈക്കൂലിക്കേസിൽ ത്രിശങ്കുവിലായി തൊടുപുഴ നഗരസഭാ ഭരണം

Thursday 04 July 2024 12:29 AM IST

1985ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം 2003ൽ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികൾ കൂറുമാറുന്നതിനു തടസമാകുന്നില്ല. ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളുടെ ചേരിമാറ്റങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും വ്യക്തികളുടെ ഒറ്റയ്ക്കുള്ള രാഷ്ട്രീയ മലക്കം മറിച്ചിലുകൾ മിക്കപ്പോഴും കേവലം 'കാലുമാറ്റ'മായെ കണക്കാക്കാറുള്ളൂ. ഇടുക്കിയിലടക്കം പ്രാദേശിക നേതാക്കളുടെ കാലുമാറ്രം തദ്ദേശതിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ നടക്കുന്നത്. ആഗ്രഹിച്ച സീറ്റ് കിട്ടാതെയോ അല്ലെങ്കിൽ താൻ നിർദേശിച്ചവരെ മത്സരിപ്പിക്കാത്തതിനാലോ പാർട്ടി വിടുന്നവരാണ് ഏറെയും. ഇവരിൽ പലരും വിമതരായും എതിർകക്ഷികളുടെ സ്ഥാനാർത്ഥികളായും മത്സരിച്ച് ജയിച്ച് ഗ്രാമപഞ്ചായത്ത് മെമ്പറോ ബ്ലോക്ക് മെമ്പറോ ജില്ലാപ്പഞ്ചായത്ത് മെമ്പറോ നഗരസഭാ കൗൺസിലറോ ആയി. മറ്റ്ചിലർ തോറ്റ് നാട്ടിൽ ഒന്നുമല്ലാതായി. വിമതരായി മത്സരിച്ച് ജയിച്ച് സ്വന്തം പാർട്ടിയിലേക്ക് തന്നെ തിരികെ പോയവരുമുണ്ട്. അങ്ങനെ കാലുമാറ്റത്തിലൂടെ തൊടുപുഴയിൽ നഗരസഭാ ഭരണം തന്നെ പിടിച്ചിരുന്നു ഇടതുപക്ഷം. കോൺഗ്രസ് വിമതൻ സനീഷ് ജോർജിനെയും മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച വനിത ജെസി ജോണിയെയും ഒറ്റരാത്രി കൊണ്ട് സി.പി.എം തങ്ങളുടെ പാളയത്തിലെത്തിച്ചു. സനീഷ് ജോർജിന് ചെയർമാൻ സ്ഥാനവും ജെസി ജോണിയ്ക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനവും നൽകി. തദ്ദേശതിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷമില്ലായിരുന്നെങ്കിലും കോൺഗ്രസ് വിമതരുടെ പിന്തുണയോടെ അധികാരത്തിലെത്താമെന്ന യു.ഡി.എഫ് കണക്കുക്കൂട്ടലാണ് കൂറുമാറ്റത്തിലൂടെ ഇല്ലാതായത്. ഇതിന് പിന്നാലെ ഒരു വർഷം തികയും മുമ്പേ യു.ഡി.എഫിന് വീണ്ടും തിരിച്ചടി നൽകി മറ്റൊരു യു.ഡി.എഫ് കൗൺസിലർ കൂടി എൽ.ഡി.എഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ മാത്യു ജോസഫാണ് അപ്രതീക്ഷിതമായി സി.പി.എമ്മിലെത്തിയത്. എന്നാൽ ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കി.

ഇടിത്തീ പോലെ കൈക്കൂലിക്കേസ്

കൂറുമാറിയെത്തിയ കോൺഗ്രസ് വിമതൻ സനീഷ് ജോർജ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സി.പി.എമ്മുകാരനേക്കാൾ വലിയ പാർട്ടിക്കാരനായി മാറി. കഴിഞ്ഞ മൂന്നര വർഷമായി എല്ലാം ഇടതുമുന്നണിയ്ക്ക് അനുകൂലമായി തന്നെയാണ് മുന്നോട്ടുപോയത്. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ജൂൺ 25ന് തൊടുപുഴയ്ക്കടുത്ത് കുമ്പംകല്ലിലെ ബി.ടി.എം സ്കൂളിന് ഫിറ്റ്നസ് നൽകുന്നതിൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജിനിയറെ വിജിലൻസ് പിടികൂടി. ഇടനിലക്കാരനായ കോൺട്രാക്ടറെയും അറസ്റ്റ് ചെയ്തു. കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന് നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ വിജിലൻസ് രണ്ടാം പ്രതിയാക്കി. അസി. എൻജിനിയർക്ക് കൈക്കൂലി കൊടുത്താലേ ഫിറ്റ്നസ് ലഭിക്കുവെന്ന് ചെയർമാൻ സനീഷ് ജോർജ് സ്കൂൾ അഡ്മിനിസ്‌ട്രേറ്ററോട് പറഞ്ഞെന്നാണ് പരാതി. ഇക്കാര്യം വിജിലൻസ് ഡിവൈ.എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ ചെയർമാൻ ഒളിവിലാണ്. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പറും സ്വിച്ച് ഓഫായി. എവിടെയാണെന്ന് ആർക്കുമറിയില്ല. ഇതിനിടെ വീണുകിട്ടിയ അവസരം മുതലാക്കി പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. പിറ്റേന്ന് ചെയർമാനെ മാദ്ധ്യമങ്ങൾക്ക് ഫോണിൽ ലഭിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജി വയ്ക്കില്ലെന്നുമായിരുന്നു ചെയർമാന്റെ നിലപാട്. അടുത്ത ദിവസം ചേർന്ന സി.പി.എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി യോഗം ചെയർമാനോട് രാജി വയ്ക്കാൻ നിർദ്ദേശം നൽകി. പിറ്റേന്ന് തന്നെ സെക്രട്ടറിയ്ക്ക് മുമ്പാകെ രാജി സമർപ്പിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതായി സി.പി.എം നേതൃത്വം പറയുന്നു. എന്നാൽ സനീഷ് ജോർജ് സി.പി.എം നിർദ്ദേശം ധിക്കരിച്ച് രാജി വയ്ക്കാതെ 13വരെ അവധിയിൽ പോയി. താത്കാലിക ചുമതല വൈസ് ചെയർപേഴ്സന് കൈമാറി ചെയർമാൻ സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്. അതേസമയം ചെയർമാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കേസ് തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം നൽകിയിട്ടുള്ളത്. കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സനീഷ് ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയ്ക്കു പുറമെ ഇന്നലെ മുൻകൂർ ജാമ്യ ഹർജിയും നൽകിയിരുന്നു. കേസ് പരിഗണിക്കുന്ന 22 വരെയാണ് അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദേശം.

ചോദ്യം ചെയ്യലിനായി മുട്ടത്തെ വിജിലൻസ് ഓഫീസിൽ ചൊവ്വാഴ്ച ഹാജരാകാനായിരുന്നു ചെയർമാനോട് നിർദേശിച്ചിരുന്നത്. എന്നാൽ അറസ്റ്റു ഭയന്ന് രോഗബാധിതനാണെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ഒരാഴ്ചത്തേയ്ക്ക് അവധി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് അഭിഭാഷകർ മുഖേന കോടതിയെ സമീപിച്ച് അറസ്റ്റു തടയാനുള്ള ഉത്തരവ് നേടിയത്. എങ്കിലും ചോദ്യം ചെയ്യലിനുൾപ്പടെയുള്ള നടപടികൾക്ക് തടസമുണ്ടാവില്ല. ഒരാഴ്ചയ്ക്കു ശേഷം നടപടികളിലേയ്ക്ക് കടക്കാനാണ് വിജിലൻസ് നീക്കം.

വീണ്ടും മറുകണ്ടം ചാടാൻ നീക്കം

നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നഗരസഭാ ഭരണസമിതിയെയും ഇടതുപക്ഷത്തെയും ഒരുപോലെ വെട്ടിലാക്കി. ആദ്യം രാജി സന്നദ്ധത അറിയിച്ച ചെയർമാൻ പിന്നീട് മലക്കം മറിഞ്ഞത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണെന്ന് അഭ്യൂഹമുണ്ട്. രണ്ട് മാസം മുമ്പ്, ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് തിരികെ പോകാൻ കോൺഗ്രസിലെ ചില നേതാക്കളുമായി സനീഷ് ജോർജ് ചർച്ച നടത്തിയിരുന്നെന്നാണ് വിവരം. നഗരസഭയിലെ ഒമ്പതാം വാർഡായ പെട്ടേനാട്ടിൽ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാൽ എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് യു.ഡി.എഫിനൊപ്പം ചേരാനായിരുന്നു ആലോചന. എന്നാൽ ഇതുസംബന്ധിച്ച് സൂചന ലഭിച്ച സി.പി.എം തന്നെ ഇടപെട്ട് ചെയർമാനെ കൈക്കൂലി കേസിൽപ്പെടുത്തിയതാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു കഴിഞ്ഞാൽ ചെയർമാൻ പരസ്യമായി മാദ്ധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് വിവരം. തുടർന്ന് യു.ഡി.എഫിൽ ചേക്കേറാനും നീക്കങ്ങൾ നടത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമില്ലാതിരുന്ന എൽ.ഡി.എഫ് 12ാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജിനെയും ഒമ്പതാം വാർഡിൽ നിന്ന് മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് നഗരസഭാ ഭരണം പിടിച്ചത്. ഇതിൽ ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 35 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് പതിന്നാലും യു.ഡി.എഫിന് പന്ത്രണ്ടും ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണ് നിലവിലുള്ളത്. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാൽ കക്ഷിനില തുല്യമാകും. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഏതായാലും ഉപതിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ മുനിസിപ്പൽ ചെയർമാന്റെ പേരിൽ ഉയർന്നിരിക്കുന്ന ആരോപണം മറികടന്ന് തിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫും അവസരം മുതലെടുക്കാൻ യു.ഡി.എഫും ശ്രമം തുടങ്ങി.

Advertisement
Advertisement