കാര്യവട്ടം കാമ്പസിലെ സംഘർഷം: വിൻസെന്റിനും ചാണ്ടി ഉമ്മനുമെതിരെ ജാമ്യമില്ലാക്കേസ്

Thursday 04 July 2024 1:33 AM IST

തിരുവനന്തപുരം: കെ.എസ്.യു ജില്ല ജോയിന്റ് സെക്രട്ടറിയെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എം.എൽ.എമാരായ എം.വിൻസെന്റ്, ചാണ്ടി ഉമ്മൻ എന്നിവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. ജാമ്യമില്ലാവകുപ്പാണ് ചുമത്തിയിട്ടുള്ളത്. വിൻസെന്റാണ് ഒന്നാംപ്രതി. കണ്ടാലറിയാവുന്ന 20 കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസിലെ എം.എ മലയാളം വിദ്യാർത്ഥി സാഞ്ചോസിനാണ് ചൊവ്വാഴ്ച രാത്രി എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്. ക്യാമ്പസിലെ മെൻസ് ഹോസ്റ്റലിൽ സുഹൃത്തുമൊത്ത് സാഞ്ചോസ് എത്തിയപ്പോൾ മുൻ ഒറ്റപ്പാലം എം.പി എസ്.അജയകുമാറിന്റെ മകൻ അജന്ത് അജയുടെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ സംഘം മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സാഞ്ചോസിനെ ശ്രീകാര്യം പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സാഞ്ചോസിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി 1.30ഓടെയാണ് എം.വിൻസെന്റിന്റെ നേതൃത്വത്തിൽ ശ്രീകാര്യം സ്റ്റേഷൻ ഉപരോധിച്ചത്. 2 മണിയോടെ ചാണ്ടി ഉമ്മനും സ്ഥലത്തെത്തി. ഇതോടെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എം.വിൻസെന്റിനെ എസ്.എഫ്.ഐ പ്രവർത്തകർ പിടിച്ചു തള്ളിയതായും ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതിയുണ്ട്. അതിനിടെ കെ.എസ്.യു പ്രവർത്തകരുടെ കല്ലേറിൽ സിവിൽ പൊലീസ് ഓഫീസർക്ക് പരിക്കേറ്റു. സാഞ്ചോസിന്റെ പരാതിയിൽ എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തു. സ്റ്റേഷനുമുന്നിൽ സംഘം ചേർന്നതിനും സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് നന്ദൻ, പ്രവർത്തകരായ അജന്ത്,നിരഞ്ജൻ,കണ്ടാലറിയാവുന്ന 20 പേർ എന്നിവർക്കെതിരെയും കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേരളസർവകലാശാല രജിസ്ട്രാർക്ക് വി.സി നിർദ്ദേശം നൽകി. വിഷയം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം അവതരിപ്പിക്കും. എം.എൽ.എമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷമുണ്ടായി.

Advertisement
Advertisement