സി.പി.എം മേഖല റിപ്പോർട്ടിംഗിൽ യെച്ചൂരി: പ്രധാനം ജനങ്ങളുടെ ജീവൽ പ്രശ്‌നം
കോഴിക്കോട്: വികസനത്തേക്കാൾ ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾക്കാണ് സർക്കാർ ഊന്നൽ നൽകേണ്ടതെന്ന് സി.പി.എം മേഖല റിപ്പോർട്ടിംഗിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ലോക്കൽ സെക്രട്ടറി മുതലുള്ള നേതാക്കൾക്കായി നടത്തിയ റിപ്പോർട്ടിംഗിലാണ് വിമർശനം .
രണ്ടാം പിണറായി സർക്കാരുണ്ടായത് പാർട്ടി ജനങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസത്തിലാണ്. പക്ഷേ, അധികാരത്തിലെത്തിയപ്പോൾ അക്കാര്യം മറന്നു. സംസ്ഥാനത്ത് വികസനം അനിവാര്യമാണ്. എന്നാൽ, ജനങ്ങൾക്ക്
പ്രധാനം ജീവൽ പ്രശ്‌നങ്ങളാണ്. ആറു മാസമായി മുടങ്ങിപ്പോയ പെൻഷൻ, അവശ്യസാധനങ്ങളില്ലാത്ത സപ്ലൈകോ, താറുമാറായ റേഷൻ സംവിധാനങ്ങൾ എല്ലാം പരാജയത്തിന്റെ ആഴം കൂട്ടി. ബ്രാഞ്ച് കമ്മിറ്റികൾ മുതൽ മുകളിലേക്കുള്ള പാർട്ടി സംവിധാനങ്ങൾ ജനങ്ങൾക്ക് അപ്രാപ്യമായി. ഒരു മന്ത്രിയുടെ പി.എയെപ്പോലും സമീപിക്കാൻ കഴിയാത്ത സാഹചര്യം കേരളത്തിലുണ്ടെന്നാണ് അടിത്തട്ടിൽ നിന്നുള്ള റിപ്പോർട്ടിംഗ്. ഈ അവസ്ഥ മാറാതെ കേരളത്തിൽ പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല.
മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെ താഴേത്തട്ടിലേക്ക് ഇറങ്ങിവരണം. കേന്ദ്രം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും വേട്ടയാടുകയാണ്. പക്ഷേ, അതു മാത്രം പറഞ്ഞ് രക്ഷപ്പെടാനാവില്ല. കേന്ദ്ര നീക്കങ്ങളെ തുറന്നു കാട്ടുന്നതിനൊപ്പം ജനങ്ങൾക്കൊപ്പം നിൽക്കാനും കഴിയണം. അല്ലെങ്കിൽ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുമെന്നും യെച്ചൂരി ഓർമിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് യെച്ചൂരിയും സംസ്ഥാന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അവതരിപ്പിച്ചു. സംസ്ഥാനത്ത് പാർട്ടിക്ക് സംഭവിച്ച പാളിച്ചകൾ തിരുത്തണമെന്നും പരാജയത്തെ സ്വയം വിമർശനമായി ഉൾക്കൊള്ളണമെന്നും ഗോവിന്ദൻ പറഞ്ഞു.
തിരുത്തലുകൾ വരും: യെച്ചൂരി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയുടെ കാരണങ്ങൾ പഠിച്ച് മുന്നോട്ട് പോവുമെന്ന് യെച്ചൂരി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. തെറ്റുകൾ തിരുത്തും. കേരളത്തിൽ ബി.ജെ.പിക്കുണ്ടായ വളർച്ച ചെറുതായിക്കാണാനാവില്ല. താഴെ ഘടകങ്ങളിലടക്കം പാർട്ടിക്കുണ്ടായ വോട്ട് ചോർച്ച ഗൗരവമായി കാണും. തിരിച്ചടി സംസ്ഥാന ഭരണത്തിന്റെ പോരായ്മയായി വിലയിരുത്തേണ്ടതില്ല. ഇ.പി.ജയരാജൻ- പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.