ചേലക്കരയിൽ താമര വിരിയിക്കാൻ ഒരുക്കം

Thursday 04 July 2024 1:01 AM IST

തൃശൂർ : ആലത്തൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ വിജയിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ചേലക്കരയിലെ വിജയം ലക്ഷ്യമിട്ട് ബി.ജെ.പിയിൽ അണിയറ നീക്കങ്ങളാരംഭിച്ചു. മണ്ഡലത്തിന്റെ ചുമതല ഒരു സംസ്ഥാന നേതാവിന് നൽകിയാകും വരും ദിവസങ്ങളിൽ പ്രവർത്തനം. അമ്പത് പേർക്ക് ഒരാൾ എന്ന നിലയിൽ ശക്തികേന്ദ്ര ഇൻ ചാർജുമാരെ നിയോഗിക്കും. മണ്ഡലത്തിലെ ജനകീയവിഷയങ്ങൾ ഉയർത്തി സമര പരിപാടികളും ആവിഷ്‌കരിക്കും.

ഇന്നലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ആലത്തൂരിൽ നിയോജക മണ്ഡലം യോഗം ചേർന്നിരുന്നു. സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും ആലത്തൂ‌ർ ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച ഡോ.ടി.എൻ.സരസു, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. ചേലക്കരയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ശക്തമായി പ്രചാരണരംഗത്ത് ഉപയോഗിക്കുന്നതിനെക്കുറിച്ചും പാർട്ടി ആലോചിക്കുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലും നിയോജക മണ്ഡലങ്ങളായ ചേലക്കരയിലും പാലക്കാടും കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ മുന്നൊരുക്കം സജീവമാണ്. കഴിഞ്ഞദിവസം വയനാട് യോഗം പൂർത്തിയാക്കി. ഇന്ന് പാലക്കാട് യോഗം നടക്കും. ആലത്തൂരിൽ മത്സരിച്ച എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിന് 22,000ൽ ഏറെ വോട്ടാണ് ചേലക്കര നിയോജക മണ്ഡലത്തിൽ നിന്ന് ലഭിച്ചത്. ലോക്‌സഭ മണ്ഡലത്തിൽ 2019ലെ തിരഞ്ഞെടുപ്പിൽ 89,000 വോട്ടുണ്ടായിരുന്നത് 1.88 ലക്ഷമാക്കി ഉയർത്താൻ സരസുവിനായി.

ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ട് വർദ്ധനയുണ്ടായ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. തൃശൂരിലെ വിജയത്തിന്റെ ഊർജ്ജവും സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി പദവുമെല്ലാം ഉയർത്തി മുന്നോട്ട് പോകാനാകുമെന്ന കണക്കു കൂട്ടലിലാണ് പാർട്ടി. വോട്ടർ പട്ടിക വിശദമായി പഠിച്ച് അതിലെ നേട്ടങ്ങളും കുറവുകളും കണ്ടെത്തി താഴേത്തട്ടിൽ നിന്ന് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇന്നലെ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാക്കമ്മിറ്റി യോഗം ചേർന്നിരുന്നു. സുരേഷ് ഗോപിയുടെ വിജയത്തിന്റെ വിലയിരുത്തലും ചേലക്കരയുടെ മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി.

Advertisement
Advertisement