അടിയന്തര യോഗത്തിൽ ജ്വലിച്ച് നഗരസഭ

Thursday 04 July 2024 12:06 AM IST
  • പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും

തൃശൂർ: തലേ ദിവസം അജണ്ട നൽകി വിളിച്ചു ചേർത്ത കോർപറേഷൻ കൗൺസിൽ യോഗം അവസാന നിമിഷം ' അടിയന്തരമായി' മാറ്റി മേയർ. ഡിവിഷൻ സഭ ചേരുന്നതുൾപ്പെടെ തീരുമാനമെടുക്കുന്നതിനായി ഏഴ് അജണ്ട ഉൾപ്പെടുത്തിയാണ് ചൊവ്വാഴ്ച്ച വൈകിട്ട് കൗൺസിലർമാർ അടിയന്തര കൗൺസിൽ യോഗം ചേരുമെന്നറിയിച്ച് അറിയിപ്പ് നൽകിയത്. എന്നാൽ ഇന്നലെ കൗൺസിൽ യോഗം ചേരുമെന്ന് നിശ്ചയിച്ചിരുന്ന സമയത്തിന് ഒരു മണിക്കൂർ മുമ്പ് സാങ്കേതികമായ കാരണങ്ങളാൽ കൗൺസിൽ യോഗം മാറ്റിയെന്ന് അറിയിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് പുറമേ ഭരണകക്ഷിയിലെ ചിലരും കൗൺസിൽ യോഗം ബഹിഷ്‌കരിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് യോഗം മാറ്റിവച്ചതെന്നാണ് സൂചന.

  • സപെഷ്യൽ അജണ്ട കത്തിച്ച് പ്രതിഷേധം

കൗൺസിൽ ഹാൾ പൂട്ടിയതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ കോർപ്പറേഷനിൽ സ്‌പെഷ്യൽ അജണ്ട കത്തിച്ച് പ്രതിഷേധസമരം നടത്തി. ഇന്നത്തെ കൗൺസിൽ യോഗത്തിൽ 65 കോടി രൂപയുടെ പദ്ധതികൾ ചർച്ചയില്ലാതെ പാസാക്കാൻ മേയറും സി.പി.എമ്മും ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ കുറ്റപ്പെടുത്തി. ഉപനേതാവ് ഇ.വി. സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, കൗൺസിലർമാരായ സിന്ധു ആന്റോ, അഡ്വ.വില്ലി എന്നിവർ സംസാരിച്ചു.

  • ഒളിച്ചോട്ടം ഭരണ തകർച്ചയുടെ തുടക്കം ; ബി.ജെ.പി

ഏഴ് അജണ്ടകളുമായി മേയർ വിളിച്ച കൗൺസിൽ യോഗം കോറം തികയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ ഒരു മണിക്കൂർ മുമ്പ് മാറ്റിവച്ചതെന്ന് ബി.ജെ.പി പാർലിമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. ചട്ടവിരുദ്ധമായി കൗൺസിൽ യോഗം വിളിച്ചതിലും പ്രതിഷേധിച്ചാണ് ബി.ജെ.പി കൗൺസിൽ യോഗം ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തതെന്ന് പാർലിമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. പാർലമെന്ററി യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, രഘുനാഥ് സി മേനോൻ, വിപിൻ ഐനികുന്നത്തും കൗൺസിലർമാരായ എൻ.പ്രസാദ് , പൂർണിമ സരേഷ് , ഡോ. വി.ആതിര പങ്കെടുത്തു.

Advertisement
Advertisement