ചികിത്സ വൈകിയതിൽ രൂക്ഷവിമർശനം, മണിപ്പൂർ സർക്കാരിൽ വിശ്വാസമില്ല: സുപ്രീംകോടതി

Thursday 04 July 2024 12:26 AM IST

ന്യൂഡൽഹി​: മണിപ്പൂർ സർക്കാരിന് രൂക്ഷവിമർശനവുമായി സുപ്രീംകോടതി. രോഗബാധിതനായ കുക്കി തടവുകാരന്റെ ചികിത്സ വൈകിയതിൽ വിമർശിച്ച സുപ്രീംകോടതി, സംസ്ഥാന സർക്കാരിൽ കോടതിക്ക് വിശ്വാസമില്ലെന്ന് നിരീക്ഷിച്ചു.

മണിപ്പൂർ സെൻട്രൽ ജയിലിലുള്ള കുക്കി സമുദായത്തിൽപ്പെട്ട പ്രതിയെ അസാമിലെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ എത്തിച്ച് ചി​കി​ത്സ നൽകാൻ ഉത്തരവിട്ടു. കുക്കി വിഭാഗത്തിൽപ്പെട്ട വ്യക്തി ആയതുകൊണ്ടാണ് ചികിത്സ നൽകാത്തത്.

ശാരീരിക ബുദ്ധിമുട്ടുകൾ ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രതി​യെ ജയി​ലി​ന് പുറത്തിറക്കിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ഹൈക്കോടതി​ ഉത്തരവി​ൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.

പ്രതിയെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ഗുവാഹത്തിയിൽ കൊണ്ടുപോയി ചികിത്സിച്ച് റിപ്പോർട്ട് ഈ മാസം 15നുള്ളിൽ സമർപ്പിക്കാനും ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ അവധി​ക്കാല ബെഞ്ച് നിർദ്ദേശിച്ചു. 2022ൽ പൈൽസ്, ക്ഷയരോഗം, നടുവേദന എന്നിവ സ്ഥിരീകരിച്ചെങ്കിലും ചികിത്സ വൈകിയതിനെ തുടർന്ന് പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജയിൽ ഡോക്‌ടർ എക്‌സ്‌റേ പരിശോധനയ്‌ക്ക് ശുപാർശ ചെയ്‌തെങ്കിലും അവിടെ അതിനുള്ള സൗകര്യമില്ലായിരുന്നു.

ചികിത്സ വൈകിയത് സംബന്ധിച്ച് സർക്കാർ അഭിഭാഷകൻ വിശദീകരണം നൽകാൻ ശ്രമിച്ചപ്പോൾ അതു വിശ്വസിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാനത്തിന്റെയും ഹൈക്കോടതിയുടെയും ഭാഗത്തു നിന്നുണ്ടായ വീഴ്ച സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിൽ നിന്ന് സുപ്രീംകോടതി വിട്ടുനിന്നു.മെഡിക്കൽ കോളേജിലെ പരിശോധനയിൽ ഗുരുതര രോഗമെന്ന് തെളിഞ്ഞാൽ പ്രതികരണം ഇതാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Advertisement
Advertisement