ആൾദൈവം ഭോലെ ബാബ ഒളിവിൽ, ഹാഥ്‌റസ് ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം

Thursday 04 July 2024 12:44 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും 121 പേർ മരിച്ചതിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. അപകട കാരണങ്ങളും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും പരിശോധിക്കുന്ന കമ്മിറ്റി, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും സമർപ്പിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുൾപ്പെടെ സർക്കാർ ഏറ്റെടുത്തു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ആറു പേർ മറ്റ് സംസ്ഥാനക്കാരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദിത്യനാഥിനെ വിളിച്ച് സ്ഥിതി വിലയിരുത്തി. അതേസമയം,​ പരിക്കേറ്റവർ ചികിത്സയിലാണ്.

രണ്ടര ലക്ഷം ആളുകൾ

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ രണ്ടര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. 80,​000 പേർക്കായിരുന്നു അനുമതി. താത്കാലിക പന്തലിലായിരുന്നു പരിപാടി. ആൾദൈവം ഭോലെ ബാബയുടെ പാദം തൊട്ടു വണങ്ങാനും അയാളുടെ പാദം പതിഞ്ഞ മണ്ണ് വാരിയെടുക്കാനുമുള്ള തിക്കും തിരക്കുമാണ് ദുരന്തമുണ്ടാക്കിയതെന്ന് റിപ്പോർട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തില്ല

മുഖ്യസംഘാടകൻ ദേവ്ദാസ് മധുകർ ഉൾപ്പെടെ ചിലർക്കെതിരെ
കേസെടുത്തു. സത്‌സംഗം നയിച്ച നാരായൺ സാകർ ഹരി എന്ന 'ഭോലെ ബാബ ( 58 ) ഒളിവിലാണെന്ന് റിപ്പോർട്ടുണ്ട്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധം ശക്തമാണ്. ഉച്ചയ്ക്ക് രണ്ടിന് ഭോലെ ബാബ പോയെന്നും 3.30നാണ് തിക്കും തിരക്കും ഉണ്ടായതെന്നുമാണ് റിപ്പോർട്ട്. ബാബ അപകടസമയത്ത് സ്ഥലത്തില്ലാത്തതിനാൽ എഫ്.ഐ.ആറിൽ പേര് ചേർത്തില്ലെന്നാണ് വിശദീകരണം.

കൃഷിയിൽ തുടങ്ങി

ആൾദൈവത്തിലേക്ക്

യു, പിയിലെ കാസ് ഗഞ്ച് ജില്ലയിലെ ബഹദൂർ നഗർ ഗ്രാമത്തിലെ ദളിത് കുടുംബാംഗമാണ് സൂരജ് പാൽ സിംഗ് എന്ന ഭോലെ ബാബ. കുട്ടിക്കാലത്ത് കൃഷിയിൽ പിതാവിനെ സഹായിച്ചിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനായി. . ഉത്തർപ്രദേശ് പൊലീസിലെ ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിച്ചിട്ടുണ്ട്. 17 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം ആത്മീയ ജീവിതം. ആൾദൈവമായി അറിയപ്പെട്ടു. വെള്ളയാണ് പതിവ് വേഷം. രാജ്യമെമ്പാടും ലക്ഷക്കണക്കിന് അനുയായികൾ. ദൈവത്തിൽ നിന്ന് നേരിട്ട് ശക്തി ലഭിച്ചെന്നാണ് അവകാശപ്പെടുന്നത്. രാഷ്ട്രീയ നേതാക്കളും ഇയാളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാ പ്രാർത്ഥനാ യോഗങ്ങളിലും ഭാര്യ പ്രേംഭാട്ടിയും പങ്കെടുക്കുമായിരുന്നു.

സി. ബി. ഐ അന്വേഷിക്കണം

ദുരന്തം സി. ബി. ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹ‌ർജി എത്തി.

വിദഗ്‌ദ്ധ സമിതി രൂപീകരിക്കണമെന്ന്

സംഭവം അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി.

Advertisement
Advertisement