ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകും, ചമ്പൈ രാജിവച്ചു
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തുന്നു. മുഖ്യമന്ത്രി ചമ്പൈ സോറൻരാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി.ഹേമന്ത് സോറനും മറ്റ് നേതാക്കൾക്കുമൊപ്പമാണ് ചമ്പൈ രാജ്ഭവനിലെത്തിയത്. സർക്കാരുണ്ടാക്കാൻ ഹേമന്ത് സോറൻ അവകാശവാദം ഉന്നയിച്ചു.
ഇന്നലെ ചമ്പൈ സോറന്റെ വസതിയിൽ നടന്ന ' ' ഇന്ത്യ" സഖ്യയോഗത്തിലാണ് ഹേമന്ത് സോറന്റെ തിരിച്ചുവരവ് സംബന്ധിച്ച് ധാരണയായത്.
ഹേമന്ത് സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ചമ്പൈ സോറൻ ഉടൻ രാജി നൽകും. ചമ്പൈ സോറനെ ജെ.എം.എമ്മിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാക്കിയേക്കും. കോൺഗ്രസിന്റെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിർ, സംസ്ഥാന പ്രസിഡന്റ് രാജേഷ് താക്കൂർ, ഹേമന്ത് സോറന്റെ ഭാര്യയും എം.എൽ.എയുമായ കൽപ്പന സോറൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ നീക്കത്തിൽ ചമ്പൈ സോറൻ തൃപ്തനല്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികൾ ഉൾപ്പെടെ മാറ്റിയതോടെ രാജി ചെയ്യുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഹേമന്ത് സോറനെ നേതാവായി തിരഞ്ഞെടുത്തു. ഞാൻ മുഖ്യമന്ത്രി പദം രാജിവച്ചു എന്ന് ചമ്പൈ സോറൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജാർഖണ്ഡിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഹേമന്ത് സോറനെ മുന്നിൽ നിറുത്തി നേരിടാനാണ് ജെ.എം.എം നീക്കം.
ഭൂമികുംഭകോണ കേസിൽ ജനുവരിയിലാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റുചെയ്തത്. അറസ്റ്റിനു തൊട്ടുമുമ്പ് ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ ചമ്പൈ സോറൻ അധികാരമേറ്റെടുത്തു. കഴിഞ്ഞ മാസം അവസാനമാണ് ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.