നീറ്റ് ചോർച്ച: മുഖ്യ സൂത്രധാരൻ ജാർഖണ്ഡിൽ അറസ്റ്റിൽ

Thursday 04 July 2024 1:08 AM IST

ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ സുപ്രധാന വഴിത്തിരിവ്. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന അമൻ സിംഗ് എന്നയാളെ സി.ബി.ഐ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്ന് അറസ്റ്റ് ചെയ്തു. നീറ്റ്-യുജി അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.

ഹസാരിബാഗിൽ നേരത്തെ അറസ്റ്റിലായ സ്‌കൂൾ പ്രിൻസിപ്പൽ അടക്കമുള്ളവരെ ചോദ്യം ചെയ്‌തതിൽ നിന്നു ലഭിച്ച വിവരങ്ങളാണ് അമൻ സിംഗിലേക്ക് നയിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ.

പരീക്ഷാ സ്‌കോർ വർദ്ധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ തട്ടിയ ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേൽ കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗോധ്രയിൽ അറസ്റ്റിലായിരുന്നു.

പ്രതിഷേധം തുടർന്ന് വിദ്യാർത്ഥികൾ

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നിരവധി മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ 'ഇന്ത്യ' മുന്നണി പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുന്നു. ഇന്നലെ എൻ.എസ്.യു.ഐ, എസ്.എഫ്.ഐ, എ.ഐ.എസ്.എ, എ.ഐ.എസ്.എഫ്, സമാജ്‌വാദി ഛത്രസഭ, തുടങ്ങിയ സംഘടനകൾ ഡൽഹി ജന്ദർമന്ദറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. ദേശീയ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കുക, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, പ്രവേശന പരീക്ഷകളുടെ വികേന്ദ്രീകരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Advertisement
Advertisement