രാജ്യസഭയിലെ വാക്കൗട്ടിൽ ബി.ജെ.ഡിയും

Thursday 04 July 2024 1:22 AM IST

ന്യൂഡൽഹി: നിരവധി വിവാദ ബില്ലുകൾ പാസാക്കാൻ മോദി സർക്കാരിനെ സഹായിച്ച, ഒരുകാലത്ത് ബി.ജെ.പിയുടെ സുഹൃത്തായിരുന്ന നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും (ബി.ജെ.ഡി) ഇന്നലെ രാജ്യസഭയിൽ പ്രതിപക്ഷ വാക്കൗട്ടിൽ പങ്കുചേർന്നത് ശ്രദ്ധേയമായി.

രാജ്യസഭയിൽ ബി.ജെ.ഡിക്ക് 9 എം.പിമാരാണുള്ളത്. ലോക്‌സഭയിൽ ആരെയും ജയിപ്പിക്കാനായില്ല. ഭരണഘടന വിഷയത്തിൽ കോൺഗ്രസിനെതിരെ അക്രമിച്ച് കയറിയ പ്രധാനമന്ത്രി യു.പി.എ കാലത്ത് സോണിയാ ഗാന്ധി അദ്ധ്യക്ഷത വഹിച്ച ദേശീയ ഉപദേശക സമിതി പ്രധാനമന്ത്രിക്കും മുകളിൽ റിമോട്ട് കൺട്രോൾ ഭരണം നടത്തിയെന്ന ആരോപണം ഉന്നയിച്ച സമയത്താണ് വാക്കൗട്ട് നടന്നത്. അതിനു മുൻപ് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയ അംഗങ്ങൾ വാക്കൗട്ട് നടത്തുകയായിരുന്നു. ബി.ജെ.ഡി അംഗങ്ങളും ഒപ്പം പുറത്തു പോയി.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്‌സഭ ചൊവ്വാഴ്‌ച പിരിഞ്ഞിരുന്നു.

Advertisement
Advertisement