അസൗകര്യങ്ങളുടെ തടവിൽ ജില്ലാ ജയിൽ
കോട്ടയം: അസൗകര്യങ്ങളുടെ തടവിലാണ് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കളക്ട്രേറ്റിന് പിന്നിലായുള്ള ജില്ലാ ജയിൽ. ട്രാവൻകൂർ സിമന്റ്സിന്റെ രണ്ടേക്കർ സ്ഥലത്തേയ്ക്ക് പുതിയ ജയിൽമാറ്റണമെന്ന നിർദ്ദേശം വീണ്ടും പരണത്തായി. പാർപ്പിക്കാവുന്നതിലും ഇരട്ടിയിലേറെ തടവുകാരും വേണ്ടതിന്റെ പകുതിയോളം ജീവനക്കാരുമാണ് ഇവിടെയുള്ളത്.
റിമാൻഡ് പ്രതികളും ജില്ലയിലെ കോടതികൾ ആറു മാസംവരെ തടവിന് ശിക്ഷിക്കുന്നവരെയുമാണ് ഇവിടെ പാർപ്പിക്കുന്നത്. ആറ് മീറ്റർ ഉയരംവേണ്ട ചുറ്റുമതിലിന് രണ്ടര മീറ്ററിൽ താഴെയാണിവിടെ പൊക്കം. തടവ് ചാടിയ സംഭവമുണ്ടായിട്ടുണ്ട്. മതിലിന് മുകളിൽ നീളത്തിൽ ഇരുമ്പുവലയിട്ടിട്ടുണ്ടെങ്കിലും അത്ര സുരക്ഷിതമല്ല.
സ്ഥലമില്ല, ജീവനക്കാരും
5 മുതൽ 6ഏക്കർവരെ സ്ഥലമാണ് ജില്ലാ ജയിലിന് വേണ്ടത്. ഇവിടെ വെറും 55 സെന്റ് മാത്രം. പ്രധാന ചുമതല ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായ ജോ.സൂപ്രണ്ടിനാണ്. ഇൻസ്‌പെക്ടർ റാങ്കിലുള്ള ഡെപ്യൂട്ടി സൂപ്രണ്ട്, എസ്.ഐ. റാങ്കിലുള്ള അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, രണ്ട് എന്നീ തസ്‌കികളാണുള്ളത്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ 45 വേണ്ടിടത്ത് 15 എണ്ണവും, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ 15 വേണ്ടിടത്ത് അഞ്ചും മാത്രം. ഗേറ്റ് കീപ്പറും, പ്രിസൺ ഓഫീസറും വേണ്ടതാണെങ്കിലും അതുമില്ല. പ്രതികളെ അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിലെത്തിക്കണമെങ്കിൽ ഓട്ടോറിക്ഷ പിടിക്കണം. ഇവിടെയുണ്ടായിരുന്ന ജീപ്പ് 15 വർഷം കഴിഞ്ഞതിനാൽ ഉപേക്ഷിക്കേണ്ടിവന്നു.
തിങ്ങി നിറഞ്ഞ് തടവറ
കോട്ടയം, ഏറ്റുമാനൂർ, വൈക്കം കോടതികളിൽനിന്ന് റിമാൻഡ് ചെയ്യുന്ന പ്രതികളാണ് ജില്ലാ ജയിലിൽ. മറ്റ് സബ് ജയിലുകളിൽനിന്ന് ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന പ്രതികളെയും ഇവിടെ താമസിപ്പിക്കണം. കൂടാതെ മറ്റ് ജില്ലകളിലെ ജയിലുകളിൽനിന്ന് കോട്ടയത്തെ കോടതികളിൽ ഹാജരാക്കാൻ കൊണ്ടുവരുന്ന പ്രതികളെയും ഇവിടെയാണ് പാർപ്പിക്കേണ്ടത്. ആകെയുള്ളത് എട്ട് സെല്ലുകളും നാല് ഒറ്റമുറി സെല്ലുകളുമാണ്. 60 പേരെ പാർപ്പിക്കാവുന്നിടത്ത് 140 പേർ വരെ. ശൗച്യാലയങ്ങളുമില്ല.
ജീവനക്കാർ: 28
അരനൂറ്റാണ്ടിന്റെ പഴക്കം.
1959ൽ സബ് ജയിൽ ആയി തുടങ്ങി, 2000ത്തിൽ സ്‌പെഷ്യൽ സബ് ജയിലും 2013ൽ ജില്ലാ ജയിലുമായി.