മോഹൻലാലിനും ഭാര്യയ്ക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ വിജയ് വിസമ്മതിച്ചു, ഒരുപാട് നിർബന്ധിച്ചപ്പോൾ ഇതായിരുന്നു മറുപടി

Thursday 04 July 2024 10:01 AM IST

നടനും തിരക്കഥാകൃത്തുമായ ജോ മല്ലൂരി തമിഴ് നടൻ വിജയ്‌യെ പറ്റി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറേ കാര്യങ്ങൾ പറയുന്നതിനിടയിൽ മോഹൻലാലിനും ഭാര്യയ്ക്കുമൊപ്പം ഭക്ഷണം കഴിക്കാൻ വിജയ് തയ്യാറായില്ലെന്ന് ജോ മല്ലൂരി പറഞ്ഞിരുന്നു. ചിലർ ഇക്കാര്യം മാത്രം 'ഹൈലൈറ്റ്' ചെയ്ത് വിമർശനമുന്നയിക്കുകയും വിഷയം ചർച്ചയാകുകയും ചെയ്തു.


മോഹൻലാലും വിജയ്‌‌യും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് 'ജില്ല'. സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച കാര്യങ്ങളായിരുന്നു ജോ മല്ലൂരി വെളിപ്പെടുത്തിയത്. ഒരു ദിവസം വിജയ് മോഹൻലാലിനെയും ജോ മല്ലൂരിനെയും തന്റെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു.

ക്ഷണമനുസരിച്ച് മോഹൻലാലും ഭാര്യ സുചിത്രയും ജോ മല്ലൂരിയും താരത്തിന്റെ വീട്ടിലെത്തി. വിജയ്‌യും ഭാര്യയും മക്കളും ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരു മൊട്ടുസൂചി ഇട്ടാൽ പോലും കേൾക്കുന്ന തരത്തിൽ ശാന്തമായിരുന്നു ആ വീടെന്ന് ജോ മല്ലൂരി പറയുന്നു.

'ഇതിനിടയിൽ എന്നെ അതിശയിപ്പിച്ചുകൊണ്ട് വിജയ് മൂന്ന് ഇല ഇട്ടു. ഭക്ഷണം വിളമ്പിയപ്പോൾ മോഹൻലാൽ സാർ വിജയ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഒന്നും പറയാതെ വിജയ് ചിരിച്ചുകൊണ്ടിരുന്നു. എത്ര നിർബന്ധിച്ചിട്ടും കൂടെ ഇരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല. വിജയ് കൂടിയാണ് ഞങ്ങൾക്ക് ആഹാരം വിളമ്പിയത്.

പിറ്റേദിവസം സെറ്റിൽ വച്ച് വിജയ്‌യെ കണ്ടു.ഇത്രയും വലിയ താരമായ മോഹൻലാൽ സാർ നിർബന്ധിച്ചിട്ടും എന്താണ് കഴിക്കാതിരുന്നതെന്ന് ഞാൻ ചോദിച്ചു. അതിന് വിജയ് നൽകിയ മറുപടിയോർത്ത് അഭിമാനവും അത്ഭുതവും തോന്നി. അണ്ണാ എന്റെ അച്ഛനും അമ്മയും പഠിപ്പിച്ച കാര്യം വീട്ടിൽ വരുന്ന അതിഥികളെ ഭംഗിയായി സത്കരിച്ച് വിട്ട ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നാണ്. ഇതുവരെ ഞാൻ അത് തെറ്റിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'- ജോ മല്ലൂരി പറഞ്ഞു.

Advertisement
Advertisement