സിനിമാ സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു; വിഷപ്പുക ശ്വസിച്ച് പ്രദേശവാസികൾക്ക് ശ്വാസതടസം

Thursday 04 July 2024 10:34 AM IST

കൊച്ചി: 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസമുണ്ടായതായി പരാതി. ഏലൂരിലായിരുന്നു സെറ്റ് തയ്യാറാക്കിയത്. സെറ്റ് പൊളിക്കാൻ കരാറെടുത്തവർ നാട്ടുകാരുടെ വിലക്ക് വകവയ്ക്കാതെ, പ്ലാസ്റ്റിക്കും, ഫൈബറും അടക്കമുള്ളവ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

ഏഴ് മാലിന്യക്കൂനകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോൾ തന്നെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. ഇത് വകവയ്ക്കാതെ ബാക്കിയുള്ളവയും കത്തിക്കുകയായിരുന്നു. സെന്റ് ആൻസ് സ്‌കൂളിനടുത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂൾ ഇന്നലെ അവധിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് സമീപത്തെ മഠത്തിലുണ്ടായിരുന്നവർ പുകമൂലം ബുദ്ധിമുട്ടി.

വിഷപ്പുക ഉയർന്നതോടെ കുട്ടികൾ അടക്കമുള്ള ചിലർക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വിവിധയിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്തെത്തി, തീയണച്ചു. മാലിന്യം കത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

അതേസമയം, 'ഗുരുവായൂരമ്പല നടയിൽ' എന്ന പേര് പോലെ തന്നെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ നടക്കുന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. എന്നാൽ ഗുരുവായൂരിൽ ഷൂട്ടിംഗിന് അനുവാദം ലഭിക്കാത്ത സാഹചര്യത്തിൽ അതിന്റെ സെറ്റിട്ട് ചിത്രീകരണം നടത്തുകയായിരുന്നു. ഇതിനായി മാത്രം മൂന്ന് കോടിയോളം രൂപ ചെലവായി. വാടകയ്‌ക്കെടുത്ത ഭൂമിയിലായിരുന്നു സെറ്റ്. സിനിമ റിലീസ് ആയതിന് പിന്നാലെയാണ് സെറ്റ് പൊളിച്ചുകളയാൻ തീരുമാനിച്ചത്.

Advertisement
Advertisement