രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഇന്ത്യൻ ആർമി; വീരമൃത്യുവരിച്ച അഗ്നിവീറിന് നൽകിയ നഷ്ടപരിഹാര തുക വെളിപ്പെടുത്തി

Thursday 04 July 2024 11:11 AM IST

ന്യൂഡൽഹി: അഗ്നിവീറുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ കളവ് പറഞ്ഞുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ മറുപടിയുമായി ഇന്ത്യൻ ആർമി. വീരമൃത്യുവരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് കളവാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇതിന് ഇന്ന് പുലർച്ചെ സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് സൈന്യം മറുപടി നൽകിയത്.

'കൃത്യനിർവഹണത്തിനിടെ വീരമൃത്യുവരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ലെന്ന് ചില സമൂഹമാദ്ധ്യമ പോസ്റ്റുകൾ ആരോപിക്കുന്നു. അഗ്നിവീർ അജയ് കുമാറിന്റെ ത്യാഗത്തിൽ ഇന്ത്യൻ സൈന്യം സല്യൂട്ട് നൽകുന്നു. സൈനിക ബഹുമതിയോടുകൂടിയാണ് മരണാനന്തരച്ചടങ്ങുകൾ നടത്തിയത്.

കുടിശ്ശികയുള്ള മൊത്തം തുകയിൽ അഗ്നിവീർ അജയ‌്‌യുടെ കുടുംബത്തിന് 98.39 ലക്ഷം രൂപ ഇതിനോടകം നൽകിക്കഴിഞ്ഞു. നഷ്ടപരിഹാര തുകയും മറ്റ് ആനുകൂല്യങ്ങളും ചേർത്തുള്ള ബാക്കി തുകയായ 67 ലക്ഷം രൂപ പൊലീസ് വെരിഫിക്കേഷനുശേഷം കൈമാറും. മൊത്തത്തിൽ 1.65 കോടി രൂപയാണ് വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് നൽകുന്നത്. വീരമൃത്യുവരിക്കുന്ന അഗ്നിവീർ ഉൾപ്പെടെയുള്ള എല്ലാ സൈനികർക്കും ആനുകൂല്യം നൽകുന്നതിന് സേന ഊന്നൽ നൽകുന്നു'- ഇന്ത്യൻ ആർമി വ്യക്തമാക്കി.

അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ലെന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് സൈന്യത്തിന്റെ പ്രതികരണം. 'സത്യത്തിന്റെ സംരക്ഷണമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. എന്നാൽ വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് നൽകിയ സഹായത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ കള്ളം പറഞ്ഞു. അഗ്നിവീർ അജയ് സിംഗിന്റെ പിതാവ് തന്നെ അവരുടെ നുണകളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റിനോടും രാജ്യത്തോടും സൈന്യത്തോടും അഗ്നിവീർ അജയ് സിംഗ്‌ജിയുടെ കുടുംബത്തോടും പ്രതിരോധ മന്ത്രി മാപ്പ് പറയണം'- എന്നായിരുന്നു വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.

Advertisement
Advertisement