'തേപ്പുകാർ' സൂക്ഷിച്ചോളൂ, രാജ്യത്തെ പുതിയ നിയമത്തെക്കുറിച്ച് നിങ്ങളറിഞ്ഞോ? കിട്ടാൻ പോകുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പണി

Thursday 04 July 2024 3:22 PM IST

പ്രണയിക്കുന്നതും ബ്രേക്കപ്പ് ആകുന്നതൊന്നും പുതിയ കാര്യമല്ല. ഒരേ സമയം മൂന്നും നാലും പ്രണയങ്ങൾ കൊണ്ടുനടക്കുന്നവർ വരെ നമുക്കിടയിൽ ഉണ്ട്. ഒടുവിൽ നന്നായി 'തേക്കുക'യും ചെയ്യും. ചിലരാകട്ടെ വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെടുക വരെ ചെയ്യാറുണ്ട്. ഒടുവിൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും. പ്രണയം തകർന്നതിൽ മനംനൊന്തുള്ള ആത്മഹത്യകളും ഇന്ന് കൂടി വരികയാണ്.

എന്നാൽ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലാതെ വെറുതെ വാഗ്ദാനം ചെയ്യുകയും, ഒടുവിൽ കാമുകിയെ കൈയൊഴിയുകയും ചെയ്യുന്ന പുരുഷന്മാർ ഇനി കുറച്ച് വിയർക്കും. ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ജയിലിൽ വരെ കിടക്കേണ്ടി വരും.

രാജ്യത്ത് ആധുനിക ക്രിമിനൽ നീതി നിർവഹണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രിമിനൽ നിയമം കഴിഞ്ഞ ദിവസം രണ്ടാം മോദി സർക്കാർ നടപ്പാക്കിയത്. 1860 തൊട്ടുള്ള ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരമായിട്ടുള്ള ഭാരതീയ ന്യായ സംഹിതയുടെ (ബി എൻ എസ്) സെക്ഷൻ 69ലാണ് ബ്രേക്കപ്പുമായി ബന്ധപ്പെട്ടുള്ള ഇക്കാര്യം പറയുന്നത്. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.


എന്താണ് സെക്ഷൻ 69ൽ പറയുന്നത്

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ' നിർവചിക്കുന്ന ഭാഗമാണിത്. വഞ്ചനാപരമായ മാർഗത്തിലൂടെയോ അല്ലെങ്കിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടോ, അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, ബലാത്സംഗമല്ലെങ്കിൽ പോലും തടവിന് ശിക്ഷിക്കപ്പെടും. ഒന്നുകിൽ പത്തു വർഷം വരെ തടവ് അല്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും.

'വഞ്ചനാപരമായ മാർഗങ്ങൾ' എന്ന പ്രയോഗം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇതിൽ വിശദമായി വിവരിക്കുന്നുണ്ട്. ജോലി അല്ലെങ്കിൽ സ്ഥാനക്കയറ്റം നൽകുമെന്ന് പറയുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും തെറ്റായ വാഗ്ദാനങ്ങൾ കൊടുക്കൽ, സ്വന്തം വ്യക്തിത്വം മറച്ചുവച്ചുകൊണ്ട് വിവാഹം കഴിക്കൽ ഇതൊക്കെ വഞ്ചനാപരമായ മാർഗങ്ങൾ എന്ന പരിധിയിൽ വരും.


'വഞ്ചനാപരമായ മാർഗങ്ങളിലൂടെ' ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് ശിക്ഷിക്കുന്ന ഒരു പ്രത്യേക വ്യവസ്ഥ ഐപിസിയിൽ ഇല്ലായിരുന്നു.ഇത്തരം കേസുകൾ ഐ പി സിയുടെ 90ാം വകുപ്പിന്റെ പരിധിയിലായിരുന്നു വന്നിരുന്നത്. അതായത് 'വസ്തുതയെക്കുറിച്ചുള്ള തെറ്റിദ്ധാരണ' യുണ്ടാക്കിയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെങ്കിൽ സ്ത്രീയുടെ സമ്മതമില്ലെന്ന് കണക്കാക്കും. തുടർന്ന് പ്രതികൾക്കെതിരെ ബലാത്സംഗം നിർവചിക്കുന്ന ഐപിസി 375ാം വകുപ്പ് ചുമത്താമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിയമം.

എന്തുകൊണ്ട് വിവാദമാകുന്നു?


ബി എൻ എസിലെ വ്യവസ്ഥ ചില സന്ദർഭങ്ങളിൽ ദുരുപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. ഉദാഹരണത്തിന് ആണും പെണ്ണും പ്രണയിക്കുന്നു. പിന്നീട് ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, തെറ്റ് തന്റെ ഭാഗത്താണെങ്കിൽ പോലും സ്ത്രീയ്ക്ക് പങ്കാളിക്കെതിരെ കള്ളക്കേസ് കൊടുക്കാൻ സാധിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പിന്നീട് ബലാത്സംഗം എന്ന കുറ്റമായി മാറും. മാത്രമല്ല സ്ത്രീയുടെ വാക്ക് കേട്ട് പങ്കാളിയെ അറസ്റ്റ് ചെയ്തേക്കാമെന്നും വിദഗ്ദർ പറയുന്നു.

നിയമപരമായ ആശയക്കുഴപ്പം

വിവാഹം ചെയ്യാമെന്ന് പുരുഷൻ വാഗ്ദാനം ചെയ്തുവെന്ന് എങ്ങനെ തെളിയിക്കുമെന്നാണ് നിയമപരമായ പ്രധാന ആശയക്കുഴപ്പം. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് നടക്കാതെ വരാം. അത്തരം സാഹചര്യത്തിൽ പുരുഷന്‌ വിവാഹം കഴിക്കാൻ യഥാർത്ഥത്തിൽ ഉദ്ദേശമില്ലായിരുന്നെന്ന് എങ്ങനെ തെളിയിക്കാനാകുമെന്ന് ഗാസിയാബാദ് ആസ്ഥാനമായുള്ള അഭിഭാഷകൻ ചോദിക്കുന്നു.സന്ദേശങ്ങളും കോൾ റെക്കോർഡിംഗുകളും ചിത്രങ്ങളും തെളിവായി ഉപയോഗിക്കാമെന്ന് മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

Advertisement
Advertisement