പരിശോധനകളോ നടപടികളോ ഇല്ല : മരണപ്പാച്ചിൽ തുടർന്ന് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ

Friday 05 July 2024 1:36 AM IST

ഇരിങ്ങാലക്കുട : തൃശ്ശൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അപകടകരമായ ഡ്രൈവിംഗിന്റെ നേർസാക്ഷ്യമായി ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപമാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ടത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക് പോവുകയായിരുന്ന അലീനാസ് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മുന്നിൽപോയിരുന്ന കോണത്തുകുന്ന് സ്വദേശി ഇരേഴ് ലക്ഷംവീട്ടിൽ ഷാബിന്റെ ഭാര്യ കരിഷ്മ (28) സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച് അപകടം സൃഷ്ടിച്ചത്. റോഡിൽ എതിരെ ഒന്നും അധികം വാഹനങ്ങൾ വരാതിരുന്നിട്ടും അലക്ഷ്യമായ ഡ്രൈവിംഗ് നടത്തിയതിനെ തുടർന്നാണ് മുന്നിൽ അരിക് ചേർന്ന് പോയിരുന്ന ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ ബസിന്റെ പുറകുവശം സ്‌കൂട്ടറിൽ തട്ടി യാത്രിക റോഡിൽ വീണത്. ഇത് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. തൃശ്ശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. പെർമിറ്റിലുള്ള സമയത്തേക്കാൾ കുറവ് സമയത്താണ് ഇവർ സർവീസ് നടത്തുന്നതെന്ന് ബസ് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും വർഷങ്ങൾക്ക് മുൻപുള്ള ടൈം ഷെഡ്യൂൾ പരിഷ്‌കരിക്കുന്നതിനോ, എയർ ഹോൺ, സ്പീഡ് ബ്രേക്കർ തുടങ്ങിയവ പരിശോധിക്കുന്നതിനോ അധികൃതർ തയ്യാറാവുന്നില്ല. ഇരിങ്ങാലക്കുടയിൽ തന്നെ ടൗണിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ സ്റ്റോപ്പിൽ നിന്നല്ലാതെ യാത്രികരെ കയറ്റുകയും ഈ സമയം നികത്താൻ അമിത വേഗതയിൽ ബസ് സഞ്ചരിക്കുകയും ചെയ്യുന്നതായി ഓർഡിനറി ബസ് തൊഴിലാളികളും പരാതി ഉന്നയിക്കുന്നുണ്ട്.

Advertisement
Advertisement