ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി തട്ടിയ സംഭവം: അന്വേഷണം വിദേശ മലയാളിയിലേക്ക്

Friday 05 July 2024 1:39 AM IST

ചേർത്തല : ഓഹരി വിപണിയിൽ ലാഭം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65കോടി തട്ടിയ സംഭവത്തിൽ അന്വേഷണം ദുബായിയിലുള്ള വയനാട് മാനന്തവാടി സ്വദേശി റഹിമിലേക്ക് നീളുന്നു. സംഘത്തിലെ കണ്ണികളായ മുന്നുപേരെ ചേർത്തല പൊലീസ് നേരത്തേ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ നിന്നാണ് വിദേശമലയാളിയുടെ ബന്ധം തെളിഞ്ഞത്.

ഇതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് ചേവായൂർ നെല്ലിക്കോട് ഈസ്റ്റ് വാലി അപ്പാർട്ടുമെന്റ് അബ്ദുൾസമദ്(39),കോഴിക്കോട് താമരശേരി പുത്തൂർ ഉള്ളാട്ടുപോയിൽ പ്രവീഷ്(കണ്ണൻ–35),കോഴിക്കോട് കൊടുവള്ളി ബസാർ വാർഡിൽ കൊടകുന്നുമ്മേൽ വീട്ടിൽ മുഹമ്മദ് അനസ് (25) എന്നിവരെയാണ് ചേർത്തല സ്‌റ്റേഷൻ ഇൻസ്പക്ടർ ജി.പ്രൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പിടിയിലായവർക്ക് തട്ടിപ്പുമായി നേരിട്ടുബന്ധമുണ്ടെന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പരാതിക്കാരിൽ നിന്നും തട്ടിച്ച തുകയിലെ വിഹിതമായി ഇവരുടെ അക്കൗണ്ടുകളിലേക്കും തുകയെത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവരെ രണ്ടും മൂന്നും നാലും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്.ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
അബ്ദുൾസമദിന്റെ ബന്ധുക്കളായ രണ്ടു സ്ത്രീകളെയും നിരീക്ഷണത്തിലുള്ള അക്കൗണ്ടിൽനിന്നും പണമെത്തിയതിന്റെ പേരിൽ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് സംഭവത്തിൽ നേരിട്ടു ബന്ധമില്ലെന്നാണ് നിലപാട്. അബ്ദുൾ സമദ് പലരുടെയും അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തിയിരുന്നത്.പിടിയിലാകുമ്പോൾ അബ്ദുൾസമദിൽ നിന്നും 15 ലക്ഷവും പ്രവീഷിൽ നിന്നും 10 ലക്ഷവും മുഹമ്മദ് അനസിൽ നിന്നും ഒമ്പതു ലക്ഷവുമടക്കം 34ലക്ഷമാണ് പൊലീസ് പിടിച്ചെടുത്തത്.
മലയാളികളായവരുടെ വലിയ പങ്കാളിത്തവും സഹകരണവും തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് സൂചനകൾ.

Advertisement
Advertisement