പൂർണത തേടുന്ന പരധർമ്മം അമൃതകിരണം​

Sunday 07 July 2024 3:00 AM IST

ഒരു വസ്തുവിനെ അതാക്കി നിലനിറുത്തുന്നത് ഏതൊന്നാണോ, അതിനെയാണ് ആ വസ്തുവിന്റെ ധർമ്മമെന്നു പറയുന്നത്. വിളക്കിന്റെ ധർമ്മം വെളിച്ചം പകരുക എന്നതാണ്. കണ്ണിന്റെ ധർമ്മം കാണുക എന്നതാണ്. ഹൃദയത്തിന്റെ ധർമ്മം എല്ലായിടത്തും രക്തമെത്തിക്കുക എന്നതാണ്. ഓരോ അവയവവും അതിന്റെ ധർമ്മം ശരിയായി നിർവഹിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യപൂർണമായ ജീവിതം നയിക്കാനാവൂ. അതുപോലെ,​ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും അവയുടെ ധർമ്മം ശരിയായി പാലിക്കുമ്പോൾ മാത്രമാണ് പ്രപഞ്ചത്തിന്റെ താളലയം നിലനിൽക്കുക. പ്രപഞ്ചത്തിന്റെ അഥവാ പ്രകൃതിയുടെ താളലയത്തിനു കാരണമാകുന്ന ആ തത്വത്തെ ഭാരതത്തിലെ ഋഷീശ്വരന്മാർ ധർമ്മം എന്നു വിളിച്ചു.

ധർമ്മത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അർത്ഥം അതുതന്നെ. റോഡിലൂടെ പോകുന്ന വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ മാത്രമേ ആർക്കും സുരക്ഷിതമായി സഞ്ചരിക്കുവാൻ പറ്റുകയുള്ളൂ. അതുപോലെ,​ സമൂഹത്തിലെ ഓരോ വ്യക്തിയും അവനവന്റെ ധർമ്മം ശരിയായി നിർവഹിച്ചാലേ സമൂഹത്തിന് നിലനില്ക്കാനും മുന്നോട്ടു പോകുവാനും കഴിയുകയുള്ളൂ. രാജ്യത്തെ ഓരോ പൗരനും ധർമ്മനിഷ്ഠനായി ജീവിച്ചെങ്കിലേ രാജ്യം പുരോഗമിക്കുകയുള്ളൂ. കുടുംബത്തിലെ ഓരോ വ്യക്തിയും സ്വാർത്ഥത വെടിഞ്ഞ് സ്‌നേഹം പകരുകയും അവരവരുടെ ധർമ്മം ശരിയായി നിർവഹിക്കുകയും ചെയ്യുമ്പോഴാണ് കുടുംബത്തിൽ ശാന്തിയും ഐശ്വര്യവും കളിയാടുക.

അദ്ധ്യാപകൻ വിദ്യാലയത്തിലെത്തിയാൽ അദ്ധ്യാപകന്റെ ധർമ്മം നിർവഹിക്കണം. അതേ വ്യക്തി വീട്ടിലെത്തിയാൽ അവിടെ ധർമ്മം വേറെയാണ്. മാതാപിതാക്കളോടുള്ള ധർമ്മമല്ല സഹോദരങ്ങളോടുള്ള ധർമ്മം. ഇങ്ങനെ സ്ഥലവും സാഹചര്യവും അനുസരിച്ച് ധർമ്മം മാറുന്നു. ശരിയായ കർമ്മം ശരിയായ സമയത്ത്,​ ശരിയായ രീതിയിൽ ചെയ്താൽ ധർമ്മമായി. എല്ലാ ധർമ്മങ്ങൾക്കും ഉപരിയായ ഒരു ധർമ്മം നമുക്കുണ്ട്, അതാണ് പരമധർമ്മം. നമ്മിലെ പൂർണതയെ സാക്ഷാത്കരിക്കുക എന്നതാണ് അത്.

ഒരു ചിത്രശലഭം ചെടിയുടെ ഇലയിൽ മുട്ടയിട്ടെന്നു കരുതുക. മുട്ടയായിരിക്കുമ്പോൾത്തന്നെ നശിച്ചുപോയാൽ അതിന്റെ ജന്മം സഫലമാകില്ല. പുഴുവായിരിക്കുമ്പോഴോ പ്യൂപ്പയായിരിക്കുമ്പോഴോ മരിച്ചാലും ആ ജന്മം സഫലമാകുന്നില്ല. ചിത്രശലഭമായിത്തീർന്ന് അതിൽ അന്തർലീനമായ സകല കഴിവുകളും സൗന്ദര്യവും പ്രകടമാകുമ്പോൾ മാത്രമാണ് അതിന്റെ ജന്മം സഫലമാകുന്നത്. അതുപോലെ നമ്മളിലെ പൂർണതയെ പ്രാപിക്കലാണ് നമ്മുടെ പരമധർമ്മം. നമ്മളിലോരോരുത്തരിലും ഈശ്വരത്വമുണ്ട്. അതാണ് നമ്മുടെ യഥാർത്ഥ സ്വരൂപം അഥവാ ആത്മസ്വരൂപം. അതിനെ സാക്ഷാത്കരിക്കുമ്പോഴാണ് നമ്മൾ പൂർണത പ്രാപിക്കുന്നത്. അപ്പോൾ മാത്രമാണ് നമ്മുടെ മനുഷ്യജന്മം സഫലമാകുന്നത്.

അതിനാൽ ആത്മസാക്ഷാത്കാരമാണ്, ഈശ്വര സാക്ഷാത്കാരമാണ് ഓരോ മനുഷ്യന്റെയും പരമധർമ്മം അഥവാ പൂർണത. പൂർണതയെന്നാൽ സ്വന്തം മുക്തി മാത്രമല്ല,സർവ ജീവരാശിയിലും തന്നെത്തന്നെ ദർശിച്ച് എല്ലാറ്റിനെയും സ്‌നേഹിക്കുന്ന ഭാവമാണ്. മനുഷ്യജീവിതമാകുന്ന മഹാസമ്പത്തിന്റെ ശരിയായ മൂല്യം മനസിലാക്കാൻ ഇന്ന് നമുക്കു കഴിയുന്നില്ല. അമൂല്യമായ മനുഷ്യജന്മം അല്പസുഖങ്ങൾക്കും അല്പലാഭങ്ങൾക്കും വേണ്ടി നമ്മൾ പാഴാക്കുകയാണ്. ശരിയായ അറിവ് ഉൾക്കൊണ്ട് വിവേകപൂർവം ജീവിക്കണം. തന്നിലും സർവ ചരാചരങ്ങളിലും ഈശ്വര ചൈതന്യം ദർശിച്ച് ജീവിതം ധന്യമാക്കണം.

Advertisement
Advertisement