വൃദ്ധയും മരുമകനും വീട്ടിൽ മരിച്ച നിലയിൽ, വൃദ്ധയെ കൊന്ന് മരുമകൻ ജീവനൊടുക്കിയെന്ന് നിഗമനം

Friday 05 July 2024 1:08 AM IST

കോവളം : വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളിൽ മരിച്ചനിലയിൽ. പൂങ്കുളം വണ്ടിത്തടം റോഡിൽ മൃഗാശുപത്രിക്ക് സമീപം പ്രഭകുമാറിന്റെ ഉടമസ്ഥതയിലുള്ള ടി.സി 58/ 380 ൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമള(74), സാബുലാൽ(50) എന്നിവരെയാണ് ഇന്നലെ രാവിലെ 7.30 ഓടെ മരിച്ചനിലയിൽ കണ്ടത്. ശ്യാമളയെ കയറുകൊണ്ട് കഴുത്തുമുറുക്കി കൊന്നശേഷം അതേ കയറിലായിരിക്കാം സാബു തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

പൊലീസ് പറയുന്നത്: സാബുലാലിന്റെ ഭാര്യ റീനയ്ക്ക് അർബുദമായിരുന്നു. ഒരുമാസം മുൻപാണ് മരിച്ചത്. ഇതോടെ ഇന്റീരിയർ ഡിസൈനറായ സാബുലാൽ ജോലിക്കൊന്നും പോകാതെ മനോവിഷമത്താൽ വീടിനുള്ളിൽ കഴിഞ്ഞുവരികയായിരുന്നു. ശ്യാമളയ്ക്ക് ഏക മകളായിരുന്നു റീന. ആര്യനാട് സ്വദേശിയായ സാബു മൂന്ന് വർഷം മുമ്പാണ് വണ്ടിത്തടത്ത് താമസമായത്. റീന അമ്പലത്തറ മിൽമ ഡെയറിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്നു. ഇവർക്ക് മക്കളില്ലായിരുന്നു. ഇവിടെനിന്ന് എളുപ്പം പോയി വരുന്നതിനാണ് വണ്ടിത്തടത്ത് വീട് വാടകയ്ക്ക് എടുത്തത്. റീനയുടെ കുടുംബം പാൽക്കുളങ്ങരയിലാണ്. പലപ്പോഴും ഇവരുടെ ബന്ധുക്കൾ ഇവിടെ വന്നുപോയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് റീനയുടെ ബന്ധുക്കൾ താമസിക്കുന്ന വഞ്ചിയൂരിൽ സാബു പോയിരുന്നതായും ഇൻഷ്വറൻസ് പോളിസിയെ ക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ മരണത്തിനു ശേഷം വീട്ടിലെ ജോലിക്കായി വണ്ടിത്തടം യക്ഷിയമ്മൻ കോവിലിന് സമീപത്തുള്ള ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യയുടെ മരണശേഷം മദ്യപാനശീലവും സാബുവിന് ഉണ്ടായിരുന്നു. ഇന്നലെ രാവിലെ സ്ത്രീ ജോലിക്ക് എത്തിപ്പോൾ ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. വീടിന്റെ മുൻ വശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഗ്രൗണ്ട് ഫ്‌ളോറിലെ ശ്യാമളയുടെ മുറിയും തുറന്ന നിലയിലായിരുന്നു. വിളിച്ചിട്ടും ആരെയും കാണാത്തതുകൊണ്ട് ജോലിക്കാരി മുറിക്കുള്ളിൽ കയറിപ്പോൾ കട്ടിലിന് താഴെ ഒരു കൈലി കൊണ്ട് മൂടപ്പെട്ട നിലയിൽ ശ്യാമളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷീറ്റിലും മൃതദേഹത്തിലുമായി രക്തക്കറയും ഉണ്ടായിരുന്നു. ജോലിക്കാരിയുടെ നിലവിളി കേട്ടാണ് പ്രദേശവാസിയായ മറ്റൊരു സ്ത്രീ അറിഞ്ഞത്. ഇരുവരും വിവരം സാബുവിനെ അറിയിക്കാൻ ഒന്നാം നിലയിൽ ഓടിയെത്തി. അപ്പോഴാണ് ഒരു മുറിയുടെ ഫാനിന്റെ ക്ലാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ആത്മഹത്യാക്കുറിപ്പും കണ്ടെത്തി

സാബുവിന്റെ മുറിയിൽ നിന്നു ഒരു കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്. വൃദ്ധ സദനത്തിലേക്ക് അമ്മയെ വിടുന്നില്ലെന്നും ഞാൻ കൂടെ കൊണ്ടുപോകുന്നതായും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം സാബു സോഷ്യൽ മീഡിയയിലൂടെ എല്ലാത്തിനും നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റുകൾ ഇട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.

Advertisement
Advertisement