ബാബയുടെ ആശ്രമത്തിൽ പൊലീസ് തെരച്ചിൽ ഹാഥ്റസ് ദുരന്തം: 6 പേർ അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനായോഗത്തിനിടെ 121 പേർ മരിച്ച ദുരന്തത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ ആറു പേർ അറസ്റ്റിൽ. എല്ലാവരും സംഘാടക സമിതി വോളന്റിയർമാരാണ്. ദുരന്തമുണ്ടായപ്പോൾ ആറ് പേരും സ്ഥലത്തു നിന്ന് മുങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.
മുഖ്യപ്രതി ദേവ് പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇയാൾ കുടുംബത്തോടൊപ്പം ഒളിവിലാണ്.പരിപാടിക്ക് അനുമതി വാങ്ങിയത് ഇയാളുടെ പേരിലാണ്
78 പേരാണ് സംഘാടക സമിതിയിൽ ഉണ്ടായിരുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ചുമതലയുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരാണ് അറസ്റ്റിലായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പിഴവുണ്ടായെന്ന് കണ്ടെത്തി.
ആൾദൈവമായ ഭോലെ ബാബയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. ആവശ്യം വന്നാൽ ഇയാളെ ചോദ്യംചെയ്യുമെന്ന് അലിഗഡ് റേഞ്ച് ഐ.ജി ശലഭ് മാഥുർ പറഞ്ഞു.
മയിൻ പുരിയിലെ ഇയാളുടെ ആശ്രമമായ രാംകുടീർ ചാരിറ്റബിൾ ട്രസ്റ്റിന്റെ
ഓഫീസിൽ പൊലീസ് ഇന്നലെ തെരച്ചിൽ നടത്തി. ബാബ അവിടെ ഇല്ലായിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നുണ്ട്. ആശ്രമത്തിനു മുമ്പിൽ പൊലീസിനെ വിന്യസിച്ചു.
അതിനിടെ, എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങൾക്ക് കൈമാറി.
ബാബ ഒരിക്കൽ അറസ്റ്റിലായി
മരിച്ച പെൺകുട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാമെന്ന് അവകാശപ്പെട്ട കേസിൽ 2000ത്തിൽ ഭോലെ ബാബയും ഭാര്യയും മറ്റ് നാല് പേരും അറസ്റ്റിലായിരുന്നു. ക്യാൻസർ ബാധിച്ച് മരിച്ച 16 വയസുകാരിയെ തന്റെ മാന്ത്രിക ശക്തിയാൽ ജീവിപ്പിക്കാമെന്ന് അവകാശപ്പെട്ട് സംസ്കാരസ്ഥലത്ത് നിന്ന് മൃതദേഹം പിടിച്ചെടുത്ത് പ്രശ്നമുണ്ടാക്കിയതിനായിരുന്നു അറസ്റ്റ്. ബാബയ്ക്കെതിരെ ലൈഗിക അതിക്രമ ആരോപണങ്ങളും ഉയർന്നിരുന്നു.
സാമൂഹിക വിരുദ്ധർ
ദുരന്തമുണ്ടാക്കിയത് സാമൂഹിക വിരുദ്ധരാണെന്ന് ഭോലെ ബാബ വാർത്താക്കുറിപ്പിൽ ആരോപിച്ചു. തിരക്കു സൃഷ്ടിച്ച സാമൂഹികവിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ദുരന്തത്തിൽ ദുഃഖമുണ്ടെന്നും അറിയിച്ചു.
രാഹുൽ ഹാഥ്റസിലേക്ക്
അതിനിടെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാഥ്‌റസ് സനദർശിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണും. സന്ദർശന തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചു.