ഭാര്യയുമായി അടുപ്പമെന്ന് ആരോപണം ബന്ധുവിനെ കൊന്ന കേസിൽ കോൺസ്റ്റബിളിന്റെ ശിക്ഷ ശരിവച്ച് സുപ്രീംകോടതി

Friday 05 July 2024 1:10 AM IST

ന്യൂഡൽഹി: ഭാര്യയുമായി അവിഹിതബന്ധം പുലർത്തിയെന്നാരോപിച്ച് ബന്ധുവിനെ പൊലീസ് സ്റ്റേഷനിൽ കൊലപ്പെടുത്തിയ കേസിൽ ഡൽഹി പൊലീസിലെ മുൻ കോൺസ്റ്റബിളിന്റെ ശിക്ഷ ശരിവച്ച് സുപ്രീംകോടതി. അന്ന് കോൺസ്റ്രബിളായിരുന്ന സുരേന്ദർ സിംഗ്

സർവീസ് റിവോൾവർ ഉപയോഗിച്ച് ബന്ധുവിനെ വെടിവച്ചു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ജസ്റ്രിസുമാരായ സുധാൻഷു ധൂലിയ, രാജേഷ് ബിൻഡാൽ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു. തന്നെ കൊല്ലാനെത്തിയപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചു കൊല്ലേണ്ടി വന്നുവെന്ന ഉദ്യോഗസ്ഥന്റെ വാദം തള്ളി. നരഹത്യയല്ല, കൊലപാതകം തന്നെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2002 ജൂൺ 30ന് ഡൽഹിയിലെ മയൂർ വിഹാർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

 വിസ്‌താരം നീളുന്നത് അനാരോഗ്യ പ്രവണത

വിചാരണക്കോടതികളിൽ സാക്ഷികളെ ക്രോസ് വിസ്‌താരം ചെയ്യുന്ന നടപടി നീളുന്നത് അനാരോഗ്യ പ്രവണതയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ന്യായമായ വിചാരണയെ ബാധിക്കും. സാക്ഷികളുടെ സുരക്ഷയ്‌ക്കും ഭീഷണിയാണ്. കഴിയുന്നതും പ്രോസിക്യൂഷൻ വിസ്‌താരം കഴിഞ്ഞയുടൻ തന്നെയോ, തൊട്ടടുത്ത ദിവസമോ പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്‌താരം ചെയ്യുന്നതാണ് അഭികാമ്യമെന്നും നിർദ്ദേശിച്ചു. അസാധാരണ സാഹചര്യങ്ങളിൽ, കാരണം രേഖപ്പെടുത്തി കൊണ്ട് കുറച്ചു ദിവസത്തേക്ക് മാത്രം മാറ്റിവയ്‌ക്കാമെന്നും വ്യക്തമാക്കി. പൊലീസ് കോൺസ്റ്റബിൾ പ്രതിയായ കേസിൽ മുഖ്യസാക്ഷിയുടെ ക്രോസ് വിസ്‌താരത്തിന് രണ്ടുമാസത്തെ ഇടവേളയുണ്ടായത് ചൂണ്ടിക്കാട്ടിയാണിത്.

Advertisement
Advertisement