ബീഹാറിനെ പിടിച്ചുകുലുക്കുന്ന പാലങ്ങൾ, 17 ദിവസത്തിനിടെ തക‌ർന്നത് 12 പാലങ്ങൾ

Friday 05 July 2024 1:46 AM IST

പാട്‌ന: ബീഹാറിനെ പിടിച്ചുകുലുക്കി വീണ്ടും പാലം തകർച്ച. സരണിൽ ഗണ്ഡകി നദിക്ക് കുറുകെയുള്ള 15 വർഷം പഴക്കമുള്ള പാലമാണ് ഏറ്റവും ഒടുവിലായി തകർന്നത്.ഇതോടെ 17 ദിവസത്തിനിടെ സംസ്ഥാനത്ത് തകർന്നുവീണ പാലങ്ങളുടെ എണ്ണം 12 ആയി.
രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിതെന്ന് ജില്ലാ കളക്ടർ അമൻ സാമിർ അറിയിച്ചു.

സരണിലെ ഗ്രാമങ്ങളെ സിവാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അടുത്തിടെ പാലത്തോടുചേർന്ന പ്രദേശത്ത് ചെളി നീക്കംചെയ്യൽ നടന്നിരുന്നു. എന്നാൽ, ഇതാണോ തകർച്ചയ്ക്ക് കാരണമെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രണ്ടുമണിക്കൂറിന്റെ ഇടവേളയിൽ രണ്ടുപാലങ്ങളാണ് തകർന്നത്. 2004ൽ പണികഴിപ്പിച്ച പാലവും ബ്രിട്ടീഷ് കാലത്തെ മറ്റൊരു പാലവുമാണ് തകർന്നത്. കിലോമീറ്ററുകൾ മാത്രമാണ് ഇരുപാലങ്ങളും തമ്മിലുണ്ടായിരുന്ന ദൂരം.

സംസ്ഥാനത്തെ പഴക്കമുള്ള എല്ലാ പാലങ്ങളും പരിശോധിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദ്ദേശം നൽകിയിരുന്നു.

Advertisement
Advertisement