കല വധക്കേസ്; ഭൂമിക്കടിയിൽ നിർമാണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, അനിലിനെ നാട്ടിലെത്തിക്കുന്നത് വൈകും

Friday 05 July 2024 7:28 AM IST

ആലപ്പുഴ: മാന്നാർ കല വധക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി അന്വേഷണ സംഘം. സെപ്ടിക് ടാങ്കിൽ നിന്ന് യുവതിയുടെ തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ ലഭിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായി കലയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ അനിലിന്റെ വീടിന് സമീപമുള്ള പ്രദേശങ്ങളിൽ എന്തെങ്കിലും നിർമാണങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

അനിൽ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് വിവരം. അനിലിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. അന്വേഷണ സംഘം പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിവരികയാണ്.

കൊലപാതകത്തിൽ അനിലിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്നാണ് കലയുടെ ബന്ധുക്കളുടെ വാദം. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിചേ‌ർക്കണമെന്നും ആവശ്യപ്പെട്ട് കലയുടെ സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മൃതദേഹം മറവു ചെയ്ത സ്ഥലവും അതിന് സഹായിച്ചവരെയും കണ്ടെത്താൻ അനിലിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

മൃതദേഹം ഒളിപ്പിച്ചെന്ന് സംശയിക്കുന്ന അനിലിന്റെ വീട്ടിലെ സെപ്ടിക് ടാങ്ക് 15 വർഷത്തിനിടെ രണ്ടുതവണ വൃത്തിയാക്കിയതായി കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് സൂചന ലഭിച്ചിരുന്നു. ടാങ്കിലെ അവശിഷ്ടങ്ങൾ എവിടെയാണ് മറവു ചെയ്തതെന്ന് കണ്ടെത്തുകയാണ് ഇനിയുള്ള വെല്ലുവിളി.

ചെങ്ങന്നൂർ ഡി വൈ എസ് പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള 21അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം കണ്ടെത്താനാകാത്ത വിധം അതിവിദഗ്ദ്ധമായി ഇല്ലായ്മ ചെയ്തതിൽ നിന്ന് സംഭവത്തിൽ വൻ ആസൂത്രണവും കൂടുതൽ പേരുടെ പങ്കുമുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

Advertisement
Advertisement