നഗ്നചിത്രങ്ങൾ പകർത്തി, ക്രൂരപീഡനത്തിനിടെ നിലവിളിച്ചപ്പോൾ ഉപദ്രവം; ക്രിക്കറ്റ് പരിശീലകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

Friday 05 July 2024 12:06 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെ കൂടുതൽ ആരോപണങ്ങളുയരുന്നു. ഇയാൾ പീഡിപ്പിച്ച പെൺകുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തൽ നടത്തിയത്. മനു പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു.

പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും അർദ്ധ നഗ്നചിത്രങ്ങളും മനു സ്വന്തം ഫോണിൽ പകർത്തുന്നത് പതിവായിരുന്നു. ബോഡി ഷെയ്‌പ്പ് അറിയാനായി ബിസിസിഐക്കും കെസിഎയ്‌ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാൾ നഗ്നചിത്രങ്ങൾ എടുത്തിരുന്നത്. എന്നാൽ, ബിസിസിഐയോ കെസിഎയോ ഇത്തരം ചിത്രങ്ങൾ ആവശ്യപ്പെടാറില്ല.

പെൺകുട്ടിയെ ശുചിമുറിയിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും പിതാവ് പറഞ്ഞു. കുട്ടി നിലവിളിച്ചപ്പോൾ ബലമായി പിടിച്ചുനിർത്തി സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ഉപദ്രവിച്ചു. പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നു എന്നും പിതാവ് പറഞ്ഞു. തെങ്കാശിയിൽ കൊണ്ടുപോയാണ് ഇത്തരത്തിൽ കുട്ടികളെ പീഡിപ്പിച്ചത്. ഒരു കുട്ടി രാവിലെ എഴുന്നേറ്റപ്പോഴാണ് മനുവിന്റെ മുറിയിലാണെന്ന് തിരിച്ചറിഞ്ഞത്. തലേദിവസം രാത്രി മയക്കുമരുന്ന് നൽകി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നിലവിൽ ആറ് പെൺകുട്ടികളാണ് മനുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മനു ഇപ്പോൾ റിമാൻഡിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു. പരിശീലനത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്‌‌തെന്നാണ് വിവരം.

തെങ്കാശിയിൽ ക്രിക്കറ്റ് ടൂർണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങൾ പകർത്തിയതായും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. പത്ത് വർഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നര വർഷം മുമ്പ് ഇയാൾക്കെതിരെ ഒരു പെൺകുട്ടി പീഡന പരാതി നൽകിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു.

എന്നാൽ, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസിൽ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയിൽ തുടരുകയായിരുന്നു.

Advertisement
Advertisement