നട്ടുച്ചയ്‌ക്ക് പോലും മഞ്ഞ് മൂടിയ മനോഹര കാഴ്‌ച; കേരളത്തിൽ കുറഞ്ഞ ചെലവിൽ കാണാൻ പറ്റിയ കിടിലൻ സ്ഥലം

Friday 05 July 2024 2:53 PM IST

ഭംഗിയുള്ള സ്ഥലങ്ങൾ കാണാനും യാത്രകൾ ആസ്വദിക്കാനുമുള്ള മലയാളികളുടെ പ്രിയം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇതിന്റെ ഫലമായാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രാവൽ വ്ലോഗർമാരുടെ എണ്ണം വർദ്ധിക്കുന്നതും അവർ പുതിയ സ്ഥലങ്ങൾ തേടി ഇറങ്ങുന്നതും. ഇത്തരത്തിൽ തിരുവനന്തപുരത്തിന്റെ പുതിയ ടൂറിസം ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് കൂനിച്ചിമല.

നട്ടുച്ചയ്‌ക്ക് പോലും കോടമഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകൾ, പശ്ചിമഘട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ച് മനോഹരമായ ട്രക്കിംഗ് അനുഭവം സമ്മാനിക്കുന്ന ഈ മലയുടെ കാഴ്‌ചകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണെന്നാണ് ഇവിടം സന്ദർശിച്ചിട്ടുള്ളവർ പറയുന്നത്.

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് കൂനിച്ചിമല ഉൾപ്പെടുന്നത്. മാതാ മലയെന്നും ഇത് അറിയപ്പെടുന്നുണ്ട്. മലനിരകൾക്ക് പേരുകേട്ട അമ്പൂരിയിൽ ഇപ്പോൾ ട്രക്കിംഗിനായി അധികം പേരും തിരഞ്ഞെടുക്കുന്നത് കൂനിച്ചി മലയെയാണ്. തിരുവനന്തപുരത്തിന്റെ മിനി പൊന്മുടി എന്നും ഈ മല അറിയപ്പെടുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഈ സ്ഥലം ട്രെൻഡിംഗ് ആകാൻ തുടങ്ങിയിട്ട് വളരെ കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു.

ഇവിടേക്ക് സ്‌ത്രീകൾക്ക് വേണ്ടി മാത്രവും ട്രക്കിംഗ് പാക്കേജുകൾ ലഭ്യമാണ്. കോടമഞ്ഞ് പുതച്ച മൂന്ന് മലകളാണ് കൂനിച്ചി മലയിലുള്ളത്. പച്ച പുതച്ച് കോട മഞ്ഞ് മൂടിയ മനോഹരമായ കാഴ്‌ചയാണ് കൂനിച്ചി മല സമ്മാനിക്കുന്നത്. വെള്ളറട കുരിശുമല സംഗമ വേദിയിൽ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. 45 മിനിട്ട് ട്രക്കിംഗിനിടെ അരുവിയും വെള്ളച്ചാട്ടവുമൊക്കെ കാണാം. മല മുകളിൽ നിന്നാൽ അരികിലായി വെള്ളറടയുടെ കൊമ്പൻ കൊണ്ടകെട്ടി മലയും നെട്ട ചിറ്റാർ ഡാം, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്‌ചകളും കാണാം. സുരക്ഷാ ക്രമീകരണങ്ങൾ ശാശ്വതമല്ലാത്തതിനാൽ യാത്രയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

Advertisement
Advertisement